ആയിരംകൊല്ലി കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്തു
text_fieldsഅമ്പലവയൽ: ആയിരംകൊല്ലിയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, വാക്കത്തി, മുറിച്ചുമാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ് എന്നിവയാണ് മുഹമ്മദിെൻറ വീട്ടിൽനിന്നും പരിസരത്തുനിന്നുമായി കണ്ടെത്തിയത്. കൊലക്കുശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിെൻറ മൊബൈൽ ഫോണും കണ്ടെത്തി. കുടുംബത്തിൽ നിലനിന്ന കലഹമാണ് കൊലക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
ബുധനാഴ്ച പെണ്‍കുട്ടികളെയും മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടു.
കനത്ത പൊലീസ് സുരക്ഷയിലാണ് മൂവരെയും അമ്പലവയലിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. പെൺകുട്ടികളെ പുറത്തുനിർത്തി ആദ്യം മാതാവിനെ വീട്ടിലേക്കു കൊണ്ടുപോയി. തലക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയും മുഹമ്മദിെൻറ വലതുകാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയിൽനിന്ന് അവർ പൊലീസിന് എടുത്തുനൽകി. പിന്നാലെ മൊബൈൽ ഫോണും കണ്ടെത്തി. കൊല നടത്തി മുറിച്ചു മാറ്റിയ വലതുകാൽ അമ്പലവയൽ ടൗണിനടുത്തുള്ള മാലിന്യ പ്ലാന്റിനു സമീപവും മൊബൈൽ ഫോൺ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്.
കൊലക്കുശേഷം തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതിെൻറ സൂചനകളും വീട്ടിലുണ്ടായിരുന്നു. രക്തക്കറയുള്ള ഭാഗങ്ങൾ മണ്ണിട്ട നിലയിലായിരുന്നു. പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം. മുറിച്ചുമാറ്റിയ മുഹമ്മദിെൻറ വലതുകാൽ ഓട്ടോ വിളിച്ചാണ് പെൺകുട്ടി അമ്പലവയൽ ടൗണിനു സമീപം ഉപേക്ഷിച്ചത്.
ബുധനാഴ്ച രാവിലെ 10.15ഓടെയാണ് പൊലീസ് മൂവരെയും കൂട്ടി സ്ഥലത്തെത്തിയത്. വീട്ടമ്മയെ പൊലീസ് വാഹനത്തിലും കുട്ടികളെ കാറിലുമായിട്ടാണ് സ്ഥലത്തെത്തിച്ചത്. ആദ്യം കുട്ടികളുടെ മാതാവിനെയാണ് കൃത്യം നടന്ന വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് പൊലീസിനോട് സംഭവങ്ങള്‍ വിവരിക്കുകയും അടുക്കളയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും കത്തിയും എടുത്ത് നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് കുട്ടികളെ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ഇവരും പൊലീസിനോട് സംഭവിച്ച കാര്യങ്ങള്‍ വിവരിച്ചു.
മുഹമ്മദിെൻറ വെട്ടിമാറ്റിയ കാല് ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ബാഗും സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രവും ഇവര്‍ വീടിനുള്ളില്‍നിന്ന് എടുത്തുനല്‍കി. ചാക്കില്‍കെട്ടിയ മൃതദേഹം ഉപേക്ഷിച്ച വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറിലേക്ക് മൂന്നുപേരും ചേര്‍ന്നാണ് വലിച്ചിഴച്ച് കൊണ്ടുപോയതെന്നും ഇവര്‍ പൊലിസിനോട് പറഞ്ഞു. സംഭവം നടന്നയുടനെ വെള്ളമൊഴിച്ചും മണ്ണുവാരിയിട്ടും സ്ഥലത്തുണ്ടായിരുന്ന രക്തം കഴുകിക്കളയുകയും ചെയ്തു. തങ്ങള്‍തന്നെയാണ് കൃത്യം നിര്‍വഹിച്ചതെന്ന് കുട്ടികള്‍ ആവര്‍ത്തിച്ചതായി പൊലീസ് പറഞ്ഞു. 40 മിനിറ്റോളം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടന്നു. തുടർന്ന് കാല്‍ഭാഗം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ മട്ടംകുന്നിലേക്ക്. ഇവിടെവെച്ചും സംഭവം വിവരിച്ച മ്യൂസിയത്തിന് സമീപം മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടികള്‍തന്നെ ഫോണ്‍ കണ്ടെടുത്ത് പൊലിസിന് നല്കി. മാതാവിനെയും കുട്ടികളെയും തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ പ്രദേശത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
മൂന്നു പേരുടെയും ചോദ്യംചെയ്യൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പെൺകുട്ടികളെ കൽപറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലും മാതാവിനെ ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കിയത്. ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കൽപറ്റ ഡിവൈ.എസ്.പി എം.ഡി. സുനിലിനാണ് അന്വേഷണ ചുമതല.
ഗുരുതര ആരോപണവുമായി രണ്ടാംഭാര്യ
സുൽത്താൻ ബത്തേരി: അമ്പലവയലിലെ മുഹമ്മദിെൻറ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി രണ്ടാം ഭാര്യ സക്കീന രംഗത്തെത്തിയതോടെ കേസിൽ ദുരൂഹതയേറി. പെണ്‍കുട്ടികള്‍ക്കും മാതാവിനും മറ്റാരുടെയും സഹായമില്ലാതെ കൊലനടത്താൻ കഴിയില്ലെന്നും കുടുംബത്തിലെ മറ്റു ചിലരാണ് കൃത്യത്തിന് പിന്നിലെന്നുമാണ് അവരുടെ ആരോപണം. ബുധനാഴ്ച മാധ്യമങ്ങൾക്കുമുന്നിലായിരുന്നു സക്കീനയുടെ വെളിപ്പെടുത്തൽ.
'എെൻറ ഇക്കാക്ക് ഒരു കണ്ണിന് കാഴ്ച പോയി. മറ്റേ കണ്ണിന് 10 ശതമാനം കാഴ്ചയേയുള്ളൂ. നാളെ മെഡിക്കൽ കോളജിൽ പോകാനിരുന്നതാണ്. അങ്ങനത്തെ മനുഷ്യൻ ഉപദ്രവം ചെയ്തെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കൂലാ. പെൺകുട്ടികൾക്ക് കഴിയൂലാ അങ്ങനെ കാലും കൈയും വെട്ടിയിട്ട് ചാക്കിൽ കെട്ടി കൊണ്ടിടാൻ. മറ്റു ചിലർ കൊന്നിട്ട് രക്ഷപ്പെട്ടതാണ്. എനിക്ക് നീതി കിട്ടണം' -സക്കീന പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് മുഹമ്മദ് അവസാനമായി വിളിച്ചത്. പിന്നീട് ഫോൺ സ്വിച്ചോഫായി. അറസ്റ്റ് ചെയ്തവരുടെ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് വെള്ളം കണ്ടു. പൈപ്പ് ചോർന്നോയെന്ന് വീട്ടുകാരോട് തിരക്കി. ഈ സമയം ഇളയ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി. കൈയിൽ ചെറിയ മുറിവുപറ്റിയെന്നും പ്ലാസ്റ്റർ ഒട്ടിക്കണമെന്നുമായിരുന്നു കുട്ടി പറഞ്ഞത്.
മുഹമ്മദിെൻറ വീട്ടിൽനിന്ന് ചില സമയത്ത് ബഹളങ്ങൾ കേട്ടതായി അയൽവാസികളും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മാതാവും രണ്ടു പെൺമക്കളും ചേർന്നാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സക്കീന പറയുന്നതിൽ കഴമ്പില്ലെന്നാണ് അവരുടെ പ്രതികരണം. ഫോൺ ലൊക്കേഷൻ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകളുടെയും മറ്റും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് സുൽത്താൻ ബത്തേരി സി.ഐ കെ.പി. ബെന്നി പറഞ്ഞു. സംഭവ സഥലത്ത് ബുധനാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി. കൊലക്ക് ഉപയോഗിച്ച കോടാലിയും കത്തിയും മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയ ബാഗും മുഹമ്മദിെൻറ മൊബൈൽഫോണും കണ്ടെടുത്തു.
ചൊവ്വാഴ്ച രാവിലെ 11നാണ് നാടിനെ നടുക്കിയ കൊല നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം ഏറ്റുപറഞ്ഞത്. പെൺകുട്ടികളുടെ വീടിന് സമീപത്തുനിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നടുക്കം മാറാതെ ആയിരംകൊല്ലി
അമ്പലവയൽ: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ പൊലീസിനു മുന്നിൽ നടത്തിയ വെളിപ്പെടുത്തലുകളുടെ നടുക്കത്തിലാണിപ്പോഴും ആയിരംകൊല്ലി. പിതാവ് ഉപേക്ഷിച്ചുപോയശേഷം മാതാവിനൊപ്പമാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ മുഹമ്മദ് മാതാവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.
നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിെൻറ തലക്കടിച്ചു. മരിച്ചു എന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനായി ശ്രമം. കത്തി ഉപയോഗിച്ച് വലതു കാൽമുട്ടിനു താഴെ മുറിച്ചുമാറ്റി. ശരീരത്തിെൻറ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി.
മൃതദേഹം ചാക്കിലാക്കാൻ മാതാവും സഹായിച്ചു. ഇതിനുശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ ഇവർ വിവരം അറിയിച്ചു. തുടർന്നാണ് ഉച്ചക്കുശേഷം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.