ആംബുലൻസ് തടഞ്ഞ് ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsപുനലൂർ: പുനലൂർ താലൂക്കാശുപത്രിയില്‍ മരിച്ച അർബുദ രോഗിയായ യുവതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനേയും ബന്ധുക്കളേയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
താലൂക്കാശുപത്രിക്ക് മുന്നിലെ സ്റ്റാന്‍ഡില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായ പുനലൂര്‍ മഞ്ഞമണ്‍കാല ഷെഫീക്ക് മന്‍സിലില്‍ ഷമീര്‍ (25), കാഞ്ഞിരമല പുതിയതോപ്പ് ലിബി ഭവനില്‍ ലിബിന് (28) എന്നിവരാണ് പിടിയിലായത്. സംഭവുമായി ബന്ധമുള്ള മറ്റു രണ്ടു ആംബുലന്‍സ് ഡ്രൈവര്‍മാർ ഒളിവിലാണ്. ഞായറാഴ്ച വൈകീട്ട് താലൂക്കാശുപത്രിക്കു മുന്നിലായിരുന്നു സംഭവം. കൊട്ടാരക്കര ഓടനാവട്ടം മുട്ടറ പ്ലാങ്കാല വീട്ടില്‍ എല്‍. മഞ്ജുവിന്റെ (35) മൃതദേഹം കൊണ്ടുപോകാന്‍ പുറത്തുനിന്നും എത്തിച്ച ആംബുലന്‍സാണ് ഇവർ തടഞ്ഞത്.
ഭര്‍ത്താവ് രാമചന്ദ്രന്, ബന്ധുക്കളായ സുജിത്, അജന് സജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണിക്കൂറുകള്‍ക്കു ശേഷം പൊലീസ് ഇടപെട്ടാണ് മൃതദേഹം ഓടനാവട്ടത്തേക്ക് അയച്ചത്. ഇത്രയും നേരം മൃതദേഹം താലൂക്കാശുപത്രിയില്‍ കിടന്നു. വധശ്രമം ഉള്‍പ്പടെ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
ഇന്‍സ്പെക്ടര്‍ ടി. രാജേഷ്കുമാര്‍, എസ്.ഐമാരായ എം.എസ്. അനീഷ്, എം. അജികുമാര്‍, ഉദയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റും തുടര്‍നടപടികളും. അർബുദം മൂർച്ഛിച്ച് ഒരാഴ്ചയായി താലൂക്കാശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മഞ്ജു. ഞായറാഴ്ച ഉച്ചക്കായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.