വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യു.എ.ഇ പൊലീസിന് കൈമാറി
text_fieldsകൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യു.എ.ഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസിന്‍റെ അപേക്ഷയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
വിജയ് ബാബു ദുബൈയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്‍റെ തിരച്ചിൽ പുരോഗമിക്കുകയാണ്. ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താൽകാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യർഥനയാണ് റെഡ് കോർണർ നോട്ടീസ്. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ കൊച്ചി സിറ്റി പൊലീസ് ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചു.
വിജയ് ബാബുവിന് സിറ്റി പൊലീസ് ഇ മെയിലിൽ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടത്.
18ന് മധ്യവേനലവധിക്കു ശേഷമേ ഹൈകോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കൂ. ഹരജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘം കരുതുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.