പഴയ സുഹൃത്തിനെയും ഭാര്യയെയും കത്തിച്ചു കൊന്ന വയോധികനും മരിച്ചു; ബാക്കിയായി ദുരൂഹത
text_fieldsകിളിമാനൂർ: മടവൂരിൽ വയോധിക ദമ്പതികളെ ചുറ്റികകൊണ്ട് തലക്കടിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്ന കേസിലെ പ്രതിയും മരിച്ചു. പനപ്പാംകുന്ന് ഗവ. എൽ.പി സ്കൂളിന് സമീപം അജിത്ത് ഭവനിൽ റിട്ട. ജവാൻ ശശിധരനാണ് (75) മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.
മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (68), ഭാര്യ വിമലകുമാരി (62) എന്നിവരെയാണ് ശശിധരൻ ശനിയാഴ്ച കൊലപ്പെടുത്തിയത്. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും ഭാര്യ വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. കൊലപാതകത്തിനിടയിൽ ശശിധരനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അതിനാൽ ഇയാൾക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാനായില്ല. പള്ളിക്കൽ പൊലീസിലെത്തിയാണ് മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പട്ടാളത്തിൽനിന്ന് വിരമിച്ച ശേഷം പ്രഭാകരക്കുറുപ്പിനൊപ്പം വിദേശത്തായിരുന്നു ശശിധരൻ. ശശിധരന്‍റെ മകൻ അജിത്ത് പ്രസാദിനെ 1996ൽ വിദേശത്ത് കൊണ്ടുപോയത് പ്രഭാകരക്കുറുപ്പാണ്. ഇവിടെവെച്ച് അജിത്ത് പ്രസാദ് തൂങ്ങിമരിച്ചു. ഈ സംഭവത്തിലും വർഷങ്ങൾക്കുശേഷം മകൾ തുഷാരബിന്ദു കിണറ്റിൽ ചാടി ജീവനൊടുക്കിയതിലും പ്രഭാകരക്കുറുപ്പിന് പങ്കുണ്ടെന്ന് ശശിധരൻ വിശ്വസിച്ചിരുന്നു.
പ്രഭാകരക്കുറുപ്പിനെ പ്രതിചേർത്ത് കോടതിയിൽ ശശിധരൻ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. എന്നാൽ, നിരപരാധിയെന്ന് കണ്ട് പ്രഭാകരക്കുറുപ്പിനെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധി കഴിഞ്ഞയാഴ്ച വന്നതായി പറയുന്നു. ഇക്കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. ശശിധരനിൽനിന്ന് മൊഴിയെടുത്ത് കൊലപാതക കാരണം കണ്ടെത്താൻ പൊലീസ് കാത്തിരിക്കെയാണ് മരണം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പൊലീസ് നടപടികൾക്കുശേഷം ചൊവ്വാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.