ഉത്തരാഖണ്ഡിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട യുവതിയും യുവാവും വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തി; പിന്നെ നടന്നത് സ്വപ്നത്തിൽ പോലും കാണാത്തത്...
text_fieldsതങ്ങൾക്ക് വിവാഹം കഴിക്കാൻ പോവുകയാണെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജനുവരി ഏഴിന് ഉത്തരാഖണ്ഡിലെ ഉധം സിങ് നഗറിലെ സബ് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഓഫിസിൽ മുഹമ്മദ് ഷാനു(22), അകാൻഷ കന്ദരി(23) എന്നിവർ നോട്ടീസ് സമർപ്പിച്ചു. നിയമപരമായ നടപടിക്രമം പൂർത്തിയാക്കിയതിന്റെ ആശ്വാസത്തോടെയാണ് അവർ ഓഫിസിൽ നിന്നിറങ്ങിയത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഇവർ മജിസ്ട്രേറ്റ് ഓഫിസിൽ നൽകിയ വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയ നോട്ടീസ് അധികം വൈകാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബാസ്പൂരിൽ സലൂൺ നടത്തുകയാണ് ഷാനു. ലവ് ജിഹാദ് എന്ന അടിക്കുറിപ്പോടെയാണ് നോട്ടീസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
പെൺകുട്ടിയുടെ കുടുംബമായിരുന്നു വിവാഹത്തിന് എതിർപ്പുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇവർ പൊലീസിനെ സമീപിച്ചു. ആറാഴ്ചത്തെ പൊലീസ്‍ സംരക്ഷണം നൽകണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജനുവരി 30ന് ബജ്റംഗ് ദൾ പോലുള്ള സംഘടനകളുടെ പിൻബലത്തിൽ അകാൻഷയുടെ കുടുംബം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഷാനു തന്റെ മകളെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് അമ്മയുടെ വാദം. മകളെ വിട്ടുകിട്ടണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കുന്നതെന്ന് ആകാൻഷ വ്യക്തമാക്കി.
2018ൽ ഫേസ്ബുക്ക് വഴിയാണ് ഷാനുവും അകാൻഷയും കണ്ടുമുട്ടിയത്. പരിചയം പ്രണമായി മാറി. 2022ൽ ആദ്യമായി ഇരുവരും നേരിൽകണ്ടു. വിവാഹം കഴിക്കാൻ തീരുമാനിച്ച ശേഷം ഷാനു അകാൻഷയുടെ അമ്മയെയും സഹോദരനെയും കണ്ടു കാര്യം സംസാരിച്ചു. ആദ്യം സമ്മതിച്ചില്ലെങ്കിലും അവരെ അനുനയിപ്പിക്കാൻ ഷാനുവിനും അകാൻഷക്കും സാധിച്ചു. അതിനു ശേഷം വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയായ ബജ്റംഗ് ദൾ വിഷയത്തിൽ ഇടപെട്ട് യുവതിയുടെ കുടുംബത്തെ സമ്മർദത്തിലാക്കുകയായിരുന്നു. ഏതായാലും വിവാഹ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടുപേരും.
കുറച്ചുവർഷങ്ങളായി വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതായി ഇവരുടെ അഭിഭാഷകൻ രാഹുൽ അധികാരി ചൂണ്ടിക്കാട്ടി.
ഇത്തരം വിവാഹങ്ങളെയും സംഘടനകളെയും ചുറ്റിപ്പറ്റി തീവ്രമായ രാഷ്ട്രീയവൽക്കരണം നടക്കുന്നതായും അഭിഭാഷകൻ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.