ആനാട് സുനിത കൊലക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും
text_fieldsതിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും.
പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം തടവുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണനപോലും നല്‍കാതെയാണ് സുനിതയെ ജീവനോടെ ചുട്ടെരിച്ചതെന്നും പ്രതി സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും ജില്ല ഗവ. പ്ലീഡര്‍ എം. സലാഹുദ്ദീന് വാദിച്ചു.
സുപ്രീംകോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
2013 ആഗസ്റ്റ് മൂന്നിനാണ് പ്രതി സുനിതയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയശേഷം ജീവനോടെ ചുട്ടെരിച്ചത്. മൂന്ന് കഷണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ചശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചു. ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് സുനിതയെ തലക്കടിച്ച് വീഴ്ത്തി മണ്ണെണ്ണയൊഴിച്ചത്. പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷണങ്ങളാക്കിയതും. അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് മക്കളെ പ്രതി വിശ്വസിപ്പിച്ചു.
സുനിത വീട്ടുജോലിക്ക് പോയി കിട്ടുന്ന പണം ഉപയോഗിച്ച് കുട്ടികളെ സ്വകാര്യ സ്കൂളിന്റെ കോണ്‍വെന്റിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചിരുന്നത്.
സുനിതയെ കാണാതായതിനെതുടർന്ന് കോൺവെന്റിലെ മദര്‍ സുപ്പീരിയര്‍ വീട്ടിലെത്തിയപ്പോൾ അകത്തുകയറ്റാന്‍ ജോയ് തയാറായില്ല. സംശയം തോന്നിയ മദര്‍ വീടിന്റെ പരിസരം നിരീക്ഷിച്ചപ്പോള്‍ സെപ്റ്റിക് ടാങ്കിന് സമീപം പോകുന്നതിനെ ജോയ് തടഞ്ഞിരുന്നെന്ന് അവർ കോടതിയില്‍ മൊഴി നല്കി.
ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതിരുന്ന സുനിതക്കുവേണ്ടി പരാതി നല്‍കിയത് അന്നത്തെ ആനാട് വാര്‍ഡ് മെംബര്‍ ഷിജുകുമാറാണ്. 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകളും 23 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വിനു മുരളി, അഡ്വ. തുഷാര രാജേഷ് എന്നിവരും ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
നിര്‍ണായകമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ധ മൊഴികളും
തിരുവനന്തപുരം: ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ നിർണായകമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മൊഴികളും. സുനിതയെ പ്രതി ജോയ് തലക്കടിച്ച് വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടതായി സുനിതയുടെ മക്കള്‍ മൊഴി നല്‍കിയിരുന്നു. എന്നാൽ, കൊല്ലപ്പെട്ടത് സുനിതയല്ലെന്ന് ആദ്യം മുതല്‍ അവകാശപ്പെട്ടിരുന്ന പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന് സഹായകരമായത് ഡി.എന്‍.എ പരിശോധന ഫലവും സുനിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത മുന്‍ ഫോറന്‍സിക് വിദഗ്ധ ഡോ. കെ. ശ്രീകുമാരിയുടെ മൊഴിയുമാണ്.
മണ്ണെണ്ണയൊഴിച്ച് പ്രതി ചുട്ടെരിക്കുമ്പോള്‍ സുനിത അബോധാവസ്ഥയിലായിരുന്നെന്നും തലക്കേറ്റ മാരക ക്ഷതമാണ് അബോധാവസ്ഥക്ക് കാരണമായതെന്നും ഡോക്ടര്‍ മൊഴി നല്കി. സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിരുന്ന സുനിതയുടെ മൃതദേഹ അവശിഷ്ടങ്ങളുമായി കുട്ടികളുടെ രക്തസാമ്പ്ള്‍ താരതമ്യം ചെയ്ത് ഡി.എന്‍.എ പരിശോധന നടത്തിയ അസി. ഡയറക്ടര്‍ ഡോ. കെ.വി. ശ്രീവിദ്യയുടെ മൊഴിയും നിര്‍ണായകമായി. കൊല്ലപ്പെട്ടത് സുനിതയാണെന്ന് ഒമ്പത് വര്‍ഷത്തിനുശേഷം നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ ഡോക്ടര്‍ ഉറപ്പിച്ചു.
കുട്ടികള്‍ സുരക്ഷിതര്‍
തിരുവനന്തപുരം: കൊല്ലപ്പെട്ട സുനിതയുടെ കുട്ടികള്‍ സുരക്ഷിതമായ കരങ്ങളിലാണിപ്പോള്‍. അമ്മ കൊല്ലപ്പെടുകയും അച്ഛന് ജയിലിലാകുകയും ചെയ്ത സാഹചര്യത്തില്‍ കുട്ടികള്‍ അനാഥാലയത്തിന്റെ സംരക്ഷണയിലായിരുന്നു. ഇവരെ പിന്നീട് ആലപ്പുഴയിലെ കുടുംബം ദത്തെടുത്തു. സംഭവം നടക്കുമ്പോള്‍ ഏഴും അഞ്ചും വയസ്സുണ്ടായിരുന്ന പെണ്‍കുട്ടികള്‍ അച്ഛനെതിരെ സാക്ഷി പറയാനെത്തിയിരുന്നു. പിഴത്തുക പ്രതി ഒടുക്കിയാല്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരകള്‍ക്കായുളള സര്‍ക്കാര്‍ നിധിയില്‍നിന്ന് കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന പ്രോസിക്യൂഷന് ആവശ്യവും കോടതി അംഗീകരിച്ചു.
പൊലീസിന്റെ വീഴ്ച തുറന്നുകാട്ടി പ്രോസിക്യൂഷന്
തിരുവനന്തപുരം: കൊല്ലപ്പെട്ടത് സുനിതയാണെന്നുപോലും സ്ഥാപിക്കാതെ നെടുമങ്ങാട് പൊലീസ് കുറ്റപത്രം നല്കിയ കേസില്‍ പ്രോസിക്യൂഷന്റെ അവസരോചിത ഇടപെടലാണ് നിർണായകമായത്.
കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധന നടത്തി കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കുകയായിരുന്നു. പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് ഉന്നത പൊലീസ് അധികാരികള്‍ക്കും സര്‍ക്കാറിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.