പിന്തുടർന്ന് ശല്യം ചെയ്തതിന് ബന്ധുക്കൾ തല്ലി, 14കാരിയെ കൊന്ന് യുവാക്കളുടെ 'പ്രതികാരം'
text_fieldsമുംബൈ: അന്ധേരി സ്വദേശിനിയായ 14കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. കേസിലെ ഒന്നാം പ്രതി സന്തോഷ് മക്വാന സുഹൃത്ത് വിശാൽ അൻബാവ എന്നിവരെയാണ് ഗുജറാത്തിലെ പലൻപൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്തുടർന്ന് ശല്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിയതിന് പ്രതികാരമായാണ് ഇവർ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 25ന് സ്കൂളിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പിറ്റേന്ന് പെൺകുട്ടിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മാതാവ് സന്തോഷിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ കഥ വെളിയിൽ വരുന്നത്.
നേരത്തെ, പെൺകുട്ടിയെ പിന്തുർന്ന് ശല്യം ചെയ്തതിന് പെൺകുട്ടിയുടെ സഹോദരനും അമ്മയും ഇയാളെ താക്കീത് ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ ഇയാളുടെ കർണപുടത്തിന് പരിക്കേറ്റു. ഇതിന് പ്രതികാരമായി സന്തോഷ് സുഹൃത്ത് വിശാലുമായി ചേർന്ന് വാൻശിക റാത്തോഡ് എന്ന 14കാരിയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ തട്ടികൊണ്ടുപോയ ശേഷം വാൻശികയെ സന്തോഷ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ നിരവധി തവണ കുത്തിയെന്നും മരണമുറപ്പിച്ചശേഷം മൃതദേഹം ബാഗിലാക്കി നയ്ഗോൺ റെയിൽവെ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം പ്രതികൾ ഹെയർ സ്റ്റൈൽ മാറ്റുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പിന്നീട് രാജസ്ഥാനും ജമ്മു -കശ്മീരും അടക്കം നിരവധി സ്ഥലങ്ങളിലേക്ക് പോവുകയും തിരിച്ചറിയാതിരിക്കാനായി വസ്ത്രം മാറ്റികൊണ്ടിരുന്നതായും പൊലീസ് അറിയിച്ചു.
പ്രതികൾ തങ്ങളുടെ ഗ്രമമായ പലൻപൂരിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് വലിവ് പൊലീസ് വെള്ളിയാഴ്ച പുലർച്ചെ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.