ഇൻസ്റ്റയിലൂടെ ആറുമാസത്തെ സൗഹൃദം, ഒടുവിൽ കൊല; എൻജി. വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്ന 22കാരൻ അറസ്റ്റിൽ
text_fieldsവിജയവാഡ: ആന്ധ്രപ്രദേശിൽ പട്ടാപ്പകൽ നടുറോഡിൽ എൻജിനീയറിങ് വിദ്യാർഥിനിയെ യുവാവ് കുത്തികൊന്നു. സ്വാതന്ത്ര്യദിനത്തിൽ ഗുണ്ടൂരിലാണ് സംഭവം.
20കാരിയായ നല്ലെ രമ്യയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 22കാരൻ ശശി കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രമ്യയുടെ കഴുത്തിനും വയറിനുമാണ് കുത്തേറ്റത്. ആറു തവണ കുത്തേറ്റ രമ്യ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മൂന്നാം വർഷ ബിടെക് വിദ്യാർഥിനിയാണ് രമ്യ. ശശി കൃഷ്ണ എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടിരുന്നു. ആറുമാസം മുമ്പ് രമ്യയും ശശി കൃഷ്ണയും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടിരുന്നു. സൗഹൃദം വളർന്നതോടെ രമ്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് യുവാവ് സംശയിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കിക്കുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു.
ഞായറാഴ്ച കൊല്ലപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് റോഡിലൂടെ നടന്നുപോകുന്നതിനിടെ ശശി കൃഷ്ണ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. അക്രമ സ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു. രമ്യയെ ആശുപത്രിയിെലത്തിച്ചെങ്കിലും മരിച്ചിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ നരസാരോപേട്ടിൽനിന്ന് പൊലീസ് പിടികൂടി. അന്വേഷണ സംഘത്തെ കണ്ടതോടെ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കൈ ഞരമ്പ് മുറിച്ച പ്രതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഗുണ്ടൂരിലെത്തിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം രമ്യയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. അക്രമത്തിൽ ആന്ധ്രയിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും അക്രമത്തിനെതിരെ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.