മകളെ അടിച്ച അധ്യാപകനെ തേടി തോക്കുമായി സ്കൂളിലെത്തി സൈനികൻ; വെടിവെപ്പിൽ സ്കൂൾ ഉടമയുടെ ഭാര്യക്ക് പരിക്ക്
text_fieldsജയ്പൂർ: ഹോം വർക്ക് ചെയ്യാത്തതിന് മകളെ അധ്യാപകൻ വഴക്ക് പറയുകയും അടിക്കുകയും ചെയ്തതിൽ കുപിതനായി സൈനികൻ നടത്തിയ വെടിവെപ്പിൽ സ്കൂൾ ഉടമയുടെ ഭാര്യക്ക് പരിക്ക്. ഭരത്പൂർ ജില്ലയിലെ കാമൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൻവാഡ ഗ്രാമത്തിലെ ബജ്രംഗ് പബ്ലിക് സ്കൂളിലാണ് സംഭവം. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വെടിവെച്ച ശേഷം സൈനികൻ രാംനിവാസ് ഗുജ്ജാർ ഒളിവിൽ പോയി. ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. രാംനിവാസ് ഗുജ്ജാർ സൈന്യത്തിലാണ് സേവനം അനുഷ്ഠിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നതെങ്കിലും അറസ്റ്റിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്.
20 ദിവസം മുമ്പാണ് ഹോംവർക്ക് ചെയ്യാത്തതിന് പ്രതിയുടെ ഏഴാം ക്ലാസുകാരിയായ മകൾ ഗംഗയെ അധ്യാപകൻ സുരേന്ദ്ര സിങ് വഴക്കുപറയുകയും അടിക്കുകയും ചെയ്തത്.
തിങ്കളാഴ്ച അവധിക്ക് നാട്ടിലെത്തിയ പിതാവിനോട് മകൾ സംഭവം വിവരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രതി രാംനിവാസ് ഗുജ്ജാർ പിസ്റ്റളുമായി സ്കൂളിലെത്തുകയായിരുന്നുവെന്ന് കാമൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദൗലത് സാഹു പറഞ്ഞു.
സ്കൂൾ ഉടമ കൂടിയായ സുരേന്ദ്ര സിങ്ങിന് നേരെ തോക്ക് ചൂണ്ടി പ്രതി വിരട്ടി. വഴക്കിനിടെ ഇടപെട്ട സമയത്താണ് ഇയാളുടെ ഭാര്യ രാജ്ബാലക്ക് വെടിയേറ്റത്. രാജബാലയുടെ കൈക്കാണ് വെടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.