അഞ്ജുശ്രീയുടെ മരണം: ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും കണ്ടെടുത്തു
text_fieldsകാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യസൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്.
മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന സൂചന. ശരീരത്തിലെത്തിയത് എലിവിഷം ആകാനാണ് സാധ്യത കൂടുതലെന്നാണ് വിവരം. ഇതാണ് കരളിനെ ബാധിക്കാൻ കാരണമെന്ന് കരുതുന്നു.
അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതിന്റെ വിവരങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും.
അതേസമയം, മരണം പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്ന് അഞ്ജുശ്രീയുടെ കുടുംബം ആവശ്യപ്പെട്ടു. അഞ്ജുശ്രീയും മൂന്നു സുഹൃത്തുക്കളുമാണ് ഹോട്ടലിൽനിന്ന് വരുത്തിയ കുഴിമന്തി കഴിച്ചതെന്നും സുഹൃത്തുക്കളും ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെയും അന്വേഷിക്കണമെന്നതാണ് ഇവരുടെ ആവശ്യം. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന വിവരം ആരോഗ്യ വകുപ്പ് അധികൃതരോ പൊലീസോ അറിയിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിലും അത് ഭക്ഷണത്തിൽ നിന്നല്ലെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.
ആന്തരികാവയവങ്ങൾ പ്രവര്‍ത്തനരഹിതമായിരുന്നു. ഏതുതരം വിഷമാണ് ഉള്ളിൽചെന്നത് എന്നറിയാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം വരണം. കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം അടുത്ത ദിവസങ്ങളിൽ പുറത്തുവരും.
മരണകാരണത്തെ കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കാസർകോട് പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അഞ്ജുശ്രീയുടെ മൊബൈൽ ഫോണ്‍ വിശദമായി പരിശോധിച്ചുവരികയാണ്.
ഇക്കഴിഞ്ഞ ഡിസംബർ 31ന് അടുക്കത്ത്ബയലിലെ ഒരു ഹോട്ടലിൽനിന്നു ഓൺലൈൻവഴി വാങ്ങിയ കുഴിമന്തി അഞ്ജശ്രീയും സുഹൃത്തുക്കളും കഴിച്ചിരുന്നു. ഇതേതുടർന്നാണ് മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന പ്രചരണം ആദ്യം ഉണ്ടായത്. ജനുവരി ഏഴിന് പുലർച്ചെയാണ് കോളജ് വിദ്യാര്‍ഥിനിയായ അഞ്ജുശ്രീ പാർവതി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.