നടക്കാനിറങ്ങിയ വീട്ടമ്മമാരുടെ നേരെ അജ്ഞാതന്റെ ആക്രമണം
text_fieldsതൃപ്പൂണിത്തുറ: പുലര്‍ച്ച നടക്കാനിറങ്ങിയ വീട്ടമ്മമാരുടെ നേര്‍ക്ക് അജ്ഞാതന്റെ ആക്രമണം. വെള്ളിയാഴ്ച് പുലര്‍ച്ച നാലരയോടെ നഗരമധ്യത്തിലെ പുതുശ്ശേരി റോഡിലാണ് സംഭവം.
തൃപ്പൂണിത്തുറ സ്വദേശികളായ പാലക്കല്‍ ബേബിയുടെ ഭാര്യ റീത്ത, ജോയിയുടെ ഭാര്യ ഷൈനി എന്നിവര്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ദിവസേന പുലര്‍ച്ച പുതുശ്ശേരി റോഡില്‍ പ്രഭാതസവാരി നടത്തുന്നവരാണ് ഇരുവരും. പതിവുപോലെ വെള്ളിയാഴ്ച്ച നടക്കാന്‍ ഇറങ്ങിയ സമയം റോഡില്‍ നിന്നിരുന്ന ഒരാള്‍ പിന്നാലെ ഓടിവന്ന് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീടിനകത്തുകയറിയെങ്കിലും വീടിന്റെ ജനലരികില്‍ മറഞ്ഞുനിന്ന അജ്ഞാതന്‍ വീണ്ടും വീടിനകത്തേക്കുകയറി ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.
സംഭവമറിഞ്ഞെത്തിയ ഭര്‍ത്താവ് ബേബിയെ ഇയാള്‍ ആക്രമിക്കുകയും സ്ത്രീകള്‍ക്കുനേരെ ആക്രോശിച്ച് വീടിനകത്തേക്കുകയറാന് ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെടുകയായിരുന്നു.
നടക്കാനിറങ്ങുന്ന സമയം ആഭരണങ്ങള്‍ അണിയാറില്ലെന്നും മോഷണശ്രമമായിരിക്കാന് സാധ്യതയില്ലെന്നും അക്രമിയുടെ പെരുമാറ്റം കണ്ടിട്ട് മാനസികരോഗിയാണോ എന്ന് സംശയമുള്ളതായും അക്രമണത്തിനിരയായവര്‍ പറയുന്നു. ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതിനല്‍കി. സമീപത്തെ സി.സി ടി.വി കാമറകള്‍ പരിശോധിച്ചുവരുന്നതായും പ്രതിയെ തിരിച്ചറിയാനാകുമെന്നും എസ്.ഐ കെ. അനില പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.