കൊടകരയില്‍ വീണ്ടും ലഹരിവേട്ട: 30 ലക്ഷത്തിന്റെ മയക്കുമരുന്നുമായി രണ്ട് പേര് പിടിയില്‍
text_fieldsകൊടകര: വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അതിമാരക മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി രണ്ടു പേരെ തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷ് കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. തൃശൂര്‍ ചിയ്യാരം ബിസ്കറ്റ് കമ്പിനിക്കു സമീപം കോട്ടയില്‍ വീട്ടില്‍ അനുഗ്രഹ് (21), കുണ്ടോളി വീട്ടില്‍ അമല്‍ സുരേഷ് (25) എന്നിവരാണ് പിടിയിലായത്.
ഒല്ലൂരില്‍ വിദ്യാർഥിനിയുമായി ബൈക്കില്‍ അഭ്യാസം കാണിച്ച് വിവാദമുണ്ടാക്കിയയാളാണ് അമല്‍. ഇയാളുടെ സുഹൃത്താണ് അനുഗ്രഹ്.
ഏതാനും നാളുകളായി കൊടകര ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയായിരുന്നു. ദേശീയപാതക്ക് സമീപം വാഹന പരിശോധന നടക്കുന്നതിനിടയില്‍ പൊലീസ് പരിശോധന കണ്ട് തിരിച്ച് പോകാന്‍ ശ്രമിച്ച കെ.എല്‍ 42 എല്‍ 1176 രജിസ്ട്രേഷന് നമ്പറിലുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രികരെ സാഹസികമായി പിടികൂടി പരിശോധിച്ചപ്പോഴാണ് 60 കുപ്പികളിലായി നിറച്ച 300 മില്ലിഗ്രാം ഹഷീഷ് ഓയില്‍ കണ്ടെടുത്തത്. ചില്ലറ വിപണിയില്‍ ഇതിന് 30 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവാക്കളെ വൈദ്യപരിശോധനക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.