പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ; ഇതോടെ അറസ്റ്റിലായവർ ആറായി
text_fieldsപാണ്ടിക്കാട്: പൂരപ്പറമ്പിൽ എ.എസ്.ഐ ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾകൂടി പാണ്ടിക്കാട് പൊലീസിന്‍റെ പിടിയിലായി. ആനക്കയം ഇരുമ്പുഴി വടക്കുംമുറി സ്വദേശി താണിക്കൽ അബ്ദുൽ ബഷീറിനെയാണ് (46) സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്‍റെ നിർദേശപ്രകാരം എസ്.ഐ ഇ.എ. അരവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കഴിഞ്ഞ മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തല്ലൂർ തെക്കുംപാടത്തെ ഉത്സവപ്പറമ്പിൽ ശീട്ടുകളി സംഘത്തെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ എ.എസ്.ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
നേരത്തേ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.മഞ്ചേരി മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് പിടിയിലായ അബ്ദുൽ ബഷീറെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇനിയും പ്രതികളുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. പാണ്ടിക്കാട് സ്‌റ്റേഷൻ പരിധിയിൽ നടക്കുന്ന ഉത്സവപ്പറമ്പുകളിൽ ഇത്തരം ശീട്ടുകളി സംഘങ്ങൾ സജീവമാണെന്ന് സ്പെഷൽ ബ്രാഞ്ച് നേരത്തേ തന്നെ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എസ്.ഐ കെ.കെ. തുളസി, എ.എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശൈലേഷ് ജോൺ, സി.പി.ഒമാരായ മിർഷാദ് കൊല്ലേരി, ശ്രീജിത്ത് തിരുവാലി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.