ബംഗളൂരു കഫേ സ്ഫോടനം: മുഖ്യ പ്രതിയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു; വിവരം നൽകുന്നവർക്ക് 10 ലക്ഷം
text_fieldsബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടു. മാർച്ച് മൂന്നിനാണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തത്. കഫേയിൽ സ്ഫോടനം നടന്ന് ഏകദേശം ഒരു മണിക്കൂറിനു ശേഷം മുഖ്യപ്രതി ബസിൽ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മാർച്ച് ഒന്നിന് ഉച്ചക്ക് 12.56നാണ് സ്ഫോടനം നടന്നത്. പ്രതി 2.03 നാണ് പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണുള്ളത്. ടീഷർട്ടും തൊപ്പിയും മുഖംമൂടിയും ധരിച്ച പ്രതി കഫേയിൽ ഐ.ഇ.ഡി ബാഗ് ഉപേക്ഷിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
സംശയാസ്പദമായ സാഹചര്യത്തിൽ ബസ് സ്റ്റേഷനിലൂടെ രാത്രി ഒമ്പതുമണിക്ക് പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നത് മറ്റൊരു ദൃശ്യങ്ങളിലുണ്ട്. ഇയാളുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവർ തങ്ങളുമായി ബന്ധപ്പെടണമെന്ന് എൻ.ഐ.എ അഭ്യർഥിച്ചിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എൻ.ഐ.എയുമായി സഹകരിക്കുന്നുണ്ട്. സംഭവത്തിന് ശേഷം പ്രതി വസ്ത്രം മാറി തുംകുരു, ബല്ലാരി, ബിദാർ, ഭട്കൽ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ബസിൽ യാത്ര ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു. അതിനിടെ സ്ഫോടനം നടന്ന രാമേശ്വരം കഫേ വൻ സുരക്ഷ സംവിധാനങ്ങളോടെ ഇന്ന് പ്രവർത്തനം പുനഃരാരംഭിച്ചു. കഫേയുടെ പ്രവേശന കവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കളെ ഹാൻഡ്‌ഹെൽഡ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് പരിശോധനക്കും വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.