‘എനി ടൈം മണി’ തട്ടിപ്പ്; കണ്ണൂരിൽ റിമാൻഡിലായ പ്രതികളുടെ അറസ്റ്റ് ജില്ല ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും
text_fieldsകോഴിക്കോട്: കണ്ണൂർ അർബൻ നിധി ലിമിറ്റഡ് (കെ.യു.എൻ.എൽ) തട്ടിപ്പുകേസിൽ റിമാൻഡിലായ പ്രതികളെ പാലാഴിയിലെ ‘എനി ടൈം മണി’ (എ.ടി.എം) തട്ടിപ്പിൽ അറസ്റ്റ് ചെയ്യാൻ ജില്ല ക്രൈംബ്രാഞ്ച് (സി-ബ്രാഞ്ച്). എനി ടൈം മണിയുടെ മാതൃസ്ഥാപനമാണ് കണ്ണൂരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധി ലിമിറ്റഡ്. തട്ടിപ്പിൽ റിമാൻഡിലായ അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍ തൃശൂർ വരവൂർ സ്വദേശി കുന്നത്ത്പീടികയിൽ കെ.എം. ഗഫൂര്‍, എനി ടൈം മണി ഡയറക്ടര്‍ മലപ്പുറം ചങ്ങരംകുളം സ്വദേശി മേലേപ്പാട്ട് ഷൗക്കത്തലി എന്നിവരെയാണ് കോഴിക്കോട്ടെ കേസിൽ കണ്ണൂർ ജയിലിൽ പോയി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തുക.
പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ രണ്ടു കേസുകളിലാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഈ കേസിൽ എനി ടൈം മണി മാനേജിങ് ഡയറക്ടര്‍ ആന്റണി സണ്ണിയും പ്രതിയാണെങ്കിലും ഇയാളിതുവരെ പിടിയിലായിട്ടില്ല. മാത്രമല്ല, കണ്ണൂരിലെ കേസിൽ കോടതിയിൽ കീഴടങ്ങിയ അർബൻ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജർ കണ്ണൂർ ആദികടലായി വട്ടംകുളത്തെ സി.വി. ജീന കോഴിക്കോട്ടെ അന്വേഷണത്തിലുള്ള കേസിൽ പ്രതിയല്ല എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
തട്ടിപ്പിൽ പന്തീരാങ്കാവ് സ്റ്റേഷനിൽ 17ഉം പന്നിയങ്കരയടക്കം മറ്റു സ്റ്റേഷനുകളിൽ ഒന്നുവീതവും ഉൾപ്പെടെ 20 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അവശേഷിച്ച 18 കേസുകളും ക്രൈംബ്രാഞ്ച് ഉടൻ ഏറ്റെടുത്ത് അന്വേഷണം തുടങ്ങും. ഇവയിലേതിലെങ്കിലും സി.വി. ജീന പ്രതിയാണെങ്കിൽ അവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. എല്ലാ കേസുകളിലെയും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണസംഘം നീങ്ങുക. പാലാഴിയിലെ എനി ടൈം മണിയുടെ ഓഫിസ് പന്തീരാങ്കാവ് പൊലീസ് പൂട്ടി സീൽ ചെയ്തതാണ്. ആവശ്യമെങ്കിൽ ഇവിടെ വീണ്ടും പരിശോധന നടത്തും.
അതേസമയം, ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എ. ആന്റണി സ്ഥലംമാറിപ്പോയതിനാൽ പുതിയ ഉദ്യോഗസ്ഥൻ ചുമതലയേൽക്കുന്നതോടെയാവും കേസിലെ നിർണായകനീക്കങ്ങൾ. 2021 ജൂണിൽ പാലാഴിയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം അരലക്ഷവും അതിലധികവും ശമ്പളം നൽകി നിയമിച്ച യുവതീയുവാക്കളോട് ഒമ്പതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചതും തട്ടിപ്പ് നടത്തിയതും. പത്തു കോടിയിൽപരം രൂപയുടെ തട്ടിപ്പാണ് ജില്ലയിൽ മാത്രം നടന്നതെന്നാണ് ഇരകൾ പറയുന്നത്. അതിനിടെ കെ.എം. ഗഫൂറും ഷൗക്കത്തലിയും സമർപ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച തലശ്ശേരി കോടതി തള്ളിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.