സർക്കാർ സ്ഥാപനത്തിൽ പണയം വെക്കാനെത്തിച്ച സ്വർണം തട്ടിയെടുക്കാൻ അപ്രൈസറുടെ ശ്രമം
text_fieldsപയ്യോളി: ടൗണിലെ പ്രമുഖ സർക്കാർ ധനകാര്യ സ്ഥാപനത്തിൽനിന്നും വിളിച്ചെടുത്ത ചിട്ടിക്കു വേണ്ടി പണയപ്പെടുത്താൻ നൽകിയ സ്വർണാഭരണം പരിശോധിക്കുന്ന അപ്രൈസർതന്നെ തട്ടിയെടുക്കാനുള്ള ശ്രമം പാളി. ഒടുവിൽ പൊലീസിൽ പരാതിപ്പെട്ടതോടെ തട്ടിയെടുത്ത സ്വർണത്തിനു പകരം പണം നൽകി സ്ഥാപന അധികൃതരും പൊലീസും സംഭവം ഒത്തുതീർപ്പാക്കി.
നവംബർ എട്ടിന് ഉച്ചക്കാണ് സംഭവം നടന്നതെങ്കിലും 13ന് ആണ് വിഷയം പുറത്താവുന്നത്. തുറയൂർ സ്വദേശിനിയായ യുവതി സ്ഥാപനത്തിൽ പതിനൊന്നര ലക്ഷത്തിെൻറ ചിട്ടി വിളിച്ചെടുത്ത പ്രകാരം തുക നൽകുന്നതിന് ഗാരൻറിയായി 24.5 പവൻ സ്വർണാഭരണങ്ങളാണ് അപ്രൈസർ മുഖേന സ്ഥാപനത്തിലെത്തി കൈമാറിയത്. ആഭരണങ്ങൾ ഓരോന്നായി പരിശോധിച്ച് തൂക്കിനോക്കുന്നതിനിടയിൽ സംശയം തോന്നിയ യുവതി കൈചെയിനിെൻറ രണ്ട് മുത്തുകൾ അപ്രൈസർ മുറിച്ച് മാറ്റുന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ആഭരണത്തിെൻറ തൂക്കം കാർഡിൽ എഴുതുമ്പോൾ യുവതി ശ്രദ്ധിക്കാതിരിക്കാൻ അപ്രൈസർ കൈകൊണ്ട് മറച്ചുവെക്കുന്നതും കൂടുതൽ സംശയത്തിനിടയാക്കി. വിഷയം മറ്റു ജീവനക്കാരോടും മാനേജറോടും പരാതിപ്പെട്ടെങ്കിലും പരിഹാസരൂപേണയാണ് അവർ പെരുമാറിയതെന്നാണ് യുവതിയുടെ ആക്ഷേപം. ഒടുവിൽ യുവതി പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥാപന മാനേജറും അപ്രൈസറും പൊലീസ് ആവശ്യപ്പെട്ട പ്രകാരം ആഭരണവും ത്രാസും രേഖകളുമായി സ്റ്റേഷനിലെത്തിയതോടെ തട്ടിപ്പ് വെളിപ്പെടുകയായിരുന്നു.
ഗാരൻറിയായി യുവതി നൽകുന്നതിന് തൊട്ട് മുമ്പ് മുഴുവൻ ആഭരണങ്ങളുടെയും ഫോട്ടോ എടുത്തുവെച്ചതാണ് തട്ടിപ്പ് കണ്ടെത്താൻ വഴിത്തിരിവായത്. യുവതി കേസെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അപ്രൈസർ തട്ടിയെടുത്ത കൈചെയിനിെൻറ രണ്ട് മുത്തുകളുടെ തുകയായ 1900 രൂപ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.