എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി മഞ്ചേരിയിൽ പിടിയിൽ
text_fieldsമഞ്ചേരി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി പിടിയിൽ. ചെമ്രക്കാട്ടൂർ സ്വദേശി മുണ്ടക്കാട്ടുചാലിൽ അക്ബറിനെയാണ് (25) മഞ്ചേരി ജസീല ബൈപാസിൽനിന്ന് ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് പിടികൂടിയത്.
വിപണിയിൽ ലക്ഷത്തോളം രൂപ വിലവരുന്ന 25 ഗ്രാം മയക്കുമരുന്നും കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പ്രതിയിൽനിന്ന് മഞ്ചേരിയിലെ ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് മഞ്ചേരി, അരീക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഗ്രാമിന് 4000 മുതൽ 5000 രൂപ വരെയാണ് ചില്ലറ വിൽപനക്ക് ഈടാക്കുന്നത്. മഞ്ചേരിയിലെ സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നിരവധി ആളുകൾക്ക് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതായി അേന്വഷണത്തിൽ കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. സ്വർണക്കടത്ത് സംഘങ്ങളുമായി ഇവർക്കുള്ള ബന്ധവും അന്വേഷിക്കും.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി പ്രതീപ്, നാകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നിർദേശപ്രകാരം മഞ്ചേരി എസ്.ഐ രാജേന്ദ്രൻ നായർ, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ എന്നിവരെ കൂടാതെ മഞ്ചേരി സ്റ്റേഷനിലെ ഹരിലാൽ, ബോസ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.