ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽനിന്ന് ഫോൺ മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsകാളികാവ്: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ മോഷണം നടത്തുന്ന പ്രതികളെ കാളികാവ് പൊലീസ് പിടികൂടി. കരുളായി വില്ലേജിൽ നിലംപതി തോട്ടപ്പൊയിൽ സ്വദേശി പനങ്ങാടൻ അബ്ദുൽ റഷീദ് (32), എളങ്കൂർ പേലേപ്രം മങ്കരത്തൊടിക മുഹമ്മദ് ഫായിസ് (19) എന്നിവരാണ് പിടിയിലായത്. ഇവരുടെ താമസസ്ഥലത്തുനിന്ന് പണവും ഏഴ് മൊബൈൽ ഫോണുകളും എ.ടി.എം കാർഡും ആധാർ കാർഡും പിടിച്ചെടുത്തു. പ്രതികൾ മഞ്ചേരിയിൽ വാടക ക്വാർട്ടേഴ്സിൽ ആയുർവേദ ഡോക്ടറാണെന്ന വ്യാജേന താമസിച്ച് വരികയായിരുന്നു.
രണ്ടാം പ്രതി ഫായിസിന്റെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് മോഷണ സ്ഥലം കണ്ടെത്തുകയും മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോട്ടോർ സൈക്കിൾ മനസ്സിലാക്കി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ വലയിലാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ചച്ചവിടിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബംഗാൾ സ്വദേശി ദീബേന്ദ്ര ബിശ്വാസിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഏപ്രിൽ 14നായിരുന്നു കേസിനാസ്പദമായ സംഭവം.
പിടിയിലായ പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. ഒന്നാംപ്രതി പനങ്ങാടൻ അബ്ദുൽ റഷീദ് നിരവധി കേസുകളിൽ പ്രതിയാണെന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾക്ക് പുറമെ ഒട്ടനവധി മൊബൈൽ ഫോണുകളും മറ്റും മോഷണം നടത്തിയതായും അന്വേഷണത്തിൽ മനസ്സിലായി.
മറ്റു സ്റ്റേഷനുകളിലേക്ക് വിവരം നൽകിയതായും നിരവധി കേസുകൾക്ക് തുമ്പുണ്ടാവുമെന്ന പ്രതീക്ഷയിലുമാണ് പൊലീസ്. കാളികാവ് സി.ഐ എം. ശശിധരൻ പിള്ളയുടെ നിർദേശപ്രകാരം എസ്.ഐമാരായ വി. ശശിധരൻ, സി. സുബ്രഹ്മണ്യൻ, എ.എസ്.ഐ അൻവർ സാദത്ത്, എസ്.സി.പി.ഒമാരായ പി. ജിതിൻ, അബ്ദുൽ സലീം, കെ. അരുൺ, അസ്ലം, വി. പ്രതീഷ്, സി.പി.ഒ വി. വിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.