ഡെലിവറി റൈഡർമാരെ മറയാക്കി മയക്കുമരുന്ന് വിൽപന; ഏഴുപേർ പിടിയിൽ
text_fieldsദുബൈ: മയക്കുമരുന്ന് വിൽപന നടത്തുന്നതിന് ഡെലിവറി റൈഡർമാരെ നിയോഗിച്ച ഏഴംഗ സംഘത്തെ ഷാർജ പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം പിടികൂടി. ഏഷ്യൻ വംശജരാണ് പിടിയിലായവർ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിലാണ് പ്രതികളെ മുഴുവൻ പിടികൂടിയത്. വലിയ വരുമാനമില്ലാത്ത ഡെലിവറി റൈഡർമാരെ ഉപയോഗപ്പെടുത്തിയാണ് സംഘം മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചത്. 7604 ഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന്, 494 ഗ്രാം കഞ്ചാവ്, 297 റോളുകൾ എന്നിവയാണ് കണ്ടെത്തിയത്.
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘം റൈഡർമാരെ ഉപയോഗപ്പെടുത്തി കച്ചവടത്തിന് ശ്രമിക്കുന്നതായി സ്ഥിരീകരിച്ച വിവരം ലഭിച്ചതനുസരിച്ചാണ് ഷാർജ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ ഏജൻസി അതിവേഗ നടപടികൾ സ്വീകരിച്ചത്. വിവിധ എമിറേറ്റുകളിൽ വ്യാപിച്ചുകിടക്കുന്ന സംഘത്തെ അയൽപ്രദേശങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുമായി സഹകരിച്ചാണ് പിടികൂടിയത്. റെക്കോഡ് സമയത്തിനുള്ളിലാണ് അറസ്റ്റ് നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. സമൂഹത്തെ ബാധിക്കുന്ന വിപത്തിനെ നേരിടാൻ എല്ലാ അംഗങ്ങളും ജാഗ്രതപാലിക്കണമെന്നും പൊലീസ് ഏജൻസികളുമായി സഹകരിക്കണമെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വാട്സ്ആപ് വഴി ഉപയോക്താക്കളെ കണ്ടെത്തി മയക്കുമരുന്ന് എത്തിച്ചുനൽകുന്ന 500ലേറെ പേരെ നേരത്തെ ഷാർജ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ഷാർജ പൊലീസ് നടത്തിവരുന്ന ഓപറേഷനിലാണ് വലിയ സംഘത്തെ പിടികൂടിയത്.
പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഇത്തരത്തിൽ 912 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രിത മരുന്നുകളോ മയക്കുമരുന്നുകളോ പ്രോത്സാഹിപ്പിക്കുന്ന മെസേജുകൾ ലഭിച്ചാൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പൊലീസ് വൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആസൂത്രിതമായ രണ്ട് ഓപറേഷനുകളിലൂടെ ഷാർജ പൊലീസ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്തും വിൽപനയും നടത്തുന്ന 24 അംഗ മാഫിയ സംഘത്തെ പിടികൂടിയ ഓപറേഷനിൽ 120 കി.ഗ്രാം ഹഷീഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.