വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsമണ്ണുത്തി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷാനു എന്ന ഷമീമിനെ (35) മഹാരാഷ്ട്രയിൽ നിന്ന് മണ്ണുത്തി പൊലീസ് പിടികൂടി. പച്ചക്കറി മൊത്തവിതരണകേന്ദ്രത്തിൽ നിന്ന് ചെറുകിട വ്യാപാരിയെന്ന നിലയിൽ പച്ചക്കറികൾ ഫോണിലൂടെ ഓർഡർ ചെയ്ത്, വിൽപന കേന്ദ്രങ്ങളിലെത്തിക്കാൻ ആവശ്യപ്പെടുകയും, ചെറുകിട വ്യാപാരികളിൽ നിന്ന് ഡിജിറ്റൽ പേമെന്റ് വഴി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി.
ഇത്തരത്തിൽ മണ്ണുത്തിയിലെ വിൽപന കേന്ദ്രത്തിൽ നിന്ന് കിഴക്കുമ്പാട്ടുകരയിലെ കടകളിലേക്ക് എത്തിച്ച പച്ചക്കറിയുടെ വിലയിനത്തിൽ 68,718 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സമാനമായ നിരവധി തട്ടിപ്പുകേസുകൾ ഇയാൾക്കെതിരെയുണ്ട്. സൈബർ സെല്ലിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്ന് മണ്ണുത്തി പൊലീസ് മുംബൈയിലെത്തി, പ്രതി നടത്തിയിരുന്ന ഡാൻസ് ബാറിന്റെ പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.
റെയിൽവേയിൽ ജോലി വാഗദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് കോടികൾ തട്ടിയെടുത്തതിന് തിരുവനന്തപുരം കഴക്കൂട്ടം, പൂജപ്പുര, കണിയാപുരം, കൊട്ടാരക്കര, കോട്ടയം ഈസ്റ്റ്, എറണാകുളം സെൻട്രൽ, മാള, മാനന്തവാടി, ഹോസ്ദുർഗ്, വെള്ളരികുണ്ട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. നെടുമ്പാശ്ശേരി വഴി സ്വർണം കടത്തിയതിലും വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് തൃശൂർ ടൗൺ വെസ്റ്റ്, ആലപ്പുഴ സൗത്ത് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. വിവിധ കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.