വനമേഖലയിൽ പൊലീസ് പരിശോധനക്കിടെ മോഷണക്കേസ് പ്രതി പിടിയിൽ
text_fieldsനിലമ്പൂർ: മാവോവാദി സാന്നിധ്യമുള്ള വനമേഖലയിൽ പൊലീസ് പരിശോധനക്കിടെ മോഷണക്കേസ് പ്രതി പിടിയിൽ. മരുത കെട്ടുങ്ങല്ലിലെ കോലോത്തുപറമ്പൻ നിഷാബാണ് (30) വഴിക്കടവ് മരുത കൂട്ടിലപ്പാറയിലെ വനത്തിനോട് ചേർന്ന ആദിവാസി കോളനിയിൽനിന്ന് പിടിയിലായത്. മോഷണ ശേഷം ഒളിവിൽ കഴിയുകയായിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിെൻറ നിർദേശപ്രകാരമാണ് വഴിക്കടവ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീറിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കോളനിയിലെ വീട്ടിൽ ഒരാൾ രഹസ്യമായി കഴിയുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ നിഷാബ് മലേഷ്യയിൽ ജോലി ചെയ്യവേ നിയമ ലംഘനത്തിന് പിടിയിലായി കോലാലംപുർ ജയിലിലായിരുന്നു. മകൻ ജയിലിലായത് കാരണം പട്ടിണിയിലായ കുടുംബത്തിെൻറ അവസ്ഥ പിതാവ് സമൂഹ മാധ്യമങ്ങളിലൂടെ വിശദീകരിച്ചതിനെത്തുടർന്ന് വിഷയം സംഘടനകൾ ഏറ്റെടുത്തിരുന്നു.
തുടർന്നാണ് നിഷാബിനെ ജയിൽ മോചിതനാക്കി ഏഴുമാസം മുമ്പ് നാട്ടിലെത്തിച്ചത്. പിന്നീട് ഇയാൾ ആഡംബര ജീവിതം നയിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുമായി ചേർന്ന് മോഷണവും പിടിച്ചുപറിയും നടത്തിവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒരിക്കൽ പിടിക്കപ്പെട്ട് തിരൂർ ജയിലിലായി. ജാമ്യത്തിലിറങ്ങി മുങ്ങി വീണ്ടും എറണാകുളത്തിനും ഗോവക്കും ഇടയിൽ െട്രയിനിൽ യാത്രക്കാരെ കൊള്ളയടിച്ച് പണവും ഫോണും മോഷ്ടിച്ചു. കൂട്ടുപ്രതി റെയിൽവേ പൊലീസിെൻറ പിടിയിലായതോടെയാണ് നിഷാബ് ഒളിവിൽ പോയത്. മരുതയിലെ വീട്ടിൽ കോഴിക്കോട് റെയിൽവേ പൊലീസ് പല പ്രാവശ്യം തേടിയെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ റെയിൽവേ പൊലീസിന് കൈമാറി.
ഈ വർഷം രജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസിൽ നിഷാബിന് പങ്കുള്ളതായി റെയിൽവേ പൊലീസ് കണ്ടെത്തി. അടുത്തിടെ കർണാടക ഉഡുപ്പിയിൽ നേത്രാവതി എക്സ്പ്രസിൽ നിന്ന് ആരോഗ്യ പ്രവർത്തകയുടെ ആറു ലക്ഷം രൂപയുടെ സ്വർണവും പണവും ഫോണുകളും ഉൾപ്പെടെയുള്ള ബാഗ് പിടിച്ചുപറിച്ച കേസിലും നിഷാബിന് പങ്കുള്ളതായി റെയിൽവേ പൊലീസ് സംശയിക്കുന്നു. പരിശോധന സംഘത്തിൽ സ്പെഷൽ സ്കോഡ് സബ് ഇൻസ്പെക്ടർ എം. അസ്സൈനാർ, പൊലീസുകാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, നിബിൻ ദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാർ, റിയാസ് ചീനി, അബൂബക്കർ നാലകത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.