ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ
text_fieldsകോതമംഗലം: ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ. നാഗോവ് ജില്ലയിൽ ബത്തദർബാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ അബുൽ ബാഷയെയാണ് (30) എക്സൈസ് സി.ഐ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജ് പരിസരങ്ങളിൽ പരിശോധന നടത്തിവരവേ നെല്ലിക്കുഴി കനാൽപാലം ഭാഗത്ത് സംശയാസ്പദമായി ബൈക്കിൽ കണ്ട ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 42 ചെറിയ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആറ് ഗ്രാം ബ്രൗൺഷുഗർ കണ്ടെത്തിയത്. രണ്ടാഴ്ച കൂടുമ്പോൾ അസമിൽനിന്ന് വൻതോതിൽ ബ്രൗൺഷുഗർ കൊണ്ടുവന്ന് നെല്ലിക്കുഴി, പെരുമ്പാവൂർ ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തിവരുകയായിരുന്നെന്ന് പ്രതി വെളിപ്പെടുത്തിയതായി എക്സൈസ് പറഞ്ഞു. പെരുമ്പാവൂർ ഭാഗത്ത് മൂന്ന് കട കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപന നടത്തുന്നത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ മയക്കുമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് രൂപയുടെ വിവരങ്ങളും ലഭിച്ചു.
കോതമംഗലത്തെ വിവിധ കോളജുകളുടെ പരിസരത്ത് ലഹരിമരുന്ന് ഉപയോഗവും വിൽപനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോതമംഗലം എക്സൈസ് ഷാഡോ ടീം ആഴ്ചകളായി രഹസ്യനിരീക്ഷണം നടത്തിവരുകയായിരുന്നു. പ്രിവന്റിവ് ഓഫിസർമാരായ കെ.എ. നിയാസ്, ജയ് മാത്യൂസ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി. എൽദോ, വി.എൽ. ജിമ്മി, പി.എസ്. സുനിൽ, ടി.കെ. അനൂപ്, ബേസിൽ കെ. തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.