നാട്ടുവൈദ‍്യന്‍റെ കൊലപാതകം: നാല് പ്രതികൾ കൂടി അറസ്റ്റിൽ, പിടിയിലായവരിൽ സാമ്പത്തിക സഹായം നൽകിയ ആളും
text_fieldsനിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഒളിവിൽപോയ ഇവർക്ക് സാമ്പത്തിക സഹായമുൾപ്പെടെ നൽകിയ മറ്റൊരാളും അറസ്റ്റിലായി. നിലമ്പൂർ ചന്തക്കുന്ന് സ്വദേശികളായ കൂത്രാടൻ അജ്മൽ (30), പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ (30), വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെയാണ് എറണാകുളത്തുനിന്ന് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവിക്ക് രഹസ‍്യവിവരം കിട്ടിയതോടെയാണ് വാഴക്കാലയിലെ സ്വകാര‍്യ ലോഡ്ജിൽനിന്ന് ഇവരെ പിടികൂടിയത്. സംഘത്തിലെ രണ്ടുപേരെ പിടികൂടാനായില്ല. ഒളിവിൽ കഴിയുന്നതിനിടെ ഇവർക്ക് സാമ്പത്തിക സഹായത്തിന് പുറമെ മൊബൈൽ ഫോണും സിം കാർഡും സംഘടിപ്പിച്ച് കൊടുത്ത വണ്ടൂർ കൂളിക്കാട്ടുപടി പാലപറമ്പിൽ കൃഷ്ണപ്രസാദും (26) അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിൽപോയ ഇവർ 65 ദിവസത്തിനുശേഷമാണ് പിടിയിലാവുന്നത്.
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൊള്ളാച്ചി, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, ഹിമാചൽപ്രദേശ്, ഗോവ എന്നിവിടങ്ങളിലാണ് പ്രതികൾ ഒളിവിൽ പാർത്തിരുന്നത്. സുഹൃത്തുക്കളിൽനിന്ന് പണം സംഘടിപ്പിക്കാൻ എറണാകുളത്ത് എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
നിലമ്പൂരിലെ കോൺഗ്രസ് ഓഫിസ് ജീവനക്കാരിയായിരുന്ന രാധയെ ക്വട്ടേഷൻ പ്രകാരം കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഷബീബ് റഹ്മാൻ. ഇയാൾക്കെതിരെ വധശ്രമം, അടിപിടി, കവർച്ച തുടങ്ങിയ കേസുകളുണ്ട്. അജ്മൽ അടിപിടി കേസിലും ഷെഫീഖ് അടിപിടി, കഞ്ചാവ് കേസിലും പ്രതികളായിരുന്നു.
എറണാകുളത്ത് കഴിഞ്ഞ സംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നെങ്കിലും കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32) എന്നിവർ തലേന്ന് മറ്റൊരിടത്തേക്ക് മാറിയതിനാൽ പിടികൂടാനായില്ല. തനിക്ക് ജാമ‍്യം ലഭിച്ചശേഷം തന്‍റെ നിർദേശപ്രകാരം മാത്രം കീഴടങ്ങിയാൽ മതിയെന്ന് മുഖ‍്യപ്രതി ഷൈബിൻ അഷറഫ് നിർദേശം നൽകിയിരുന്നതായി പിടിയിലായ പ്രതികൾ മൊഴി നൽകി.
ഷൈബിൻ അഷറഫിന്‍റെ നിർദേശപ്രകാരം വൈദ‍്യൻ ഷാബാ ശെരീഫിനെ മൈസൂരിൽനിന്ന് തട്ടിക്കൊണ്ടുവന്നവരാണ് പിടിയിലായ മൂന്നുപേരും. പത്ത് പ്രതികളുള്ള കൊലപാതക കേസിൽ ഇതോടെ ഏഴുപേർ അറസ്റ്റിലായി. ഷൈബിന് നിയമസഹായം നൽകിയിരുന്ന റിട്ട. എസ്.ഐ സുന്ദരനും ഒളിവിലാണ്. പിടിയിലായവരെല്ലാം റിമാൻഡിലാണ്. വിചാരണ കാലാവധി തീരുന്ന 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
നാട്ടുവൈദ‍്യ ചികിത്സയുമായി ബന്ധപ്പെട്ട ഒറ്റമൂലി രഹസ‍്യം അറിയാനാണ് ഷൈബിൻ അഷറഫിന്‍റെ നിർദേശപ്രകാരം ഷാബാ ശെരീഫിനെ സംഘം തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐമാരായ നവീൻഷാജ്, എം. അസ്സൈനാർ, എ.എസ്.ഐമാരായ റെനി ഫിലിപ്, അനിൽകുമാർ, സതീഷ് കുമാർ, അൻവർ സാദത്ത്, വി.കെ. പ്രദീപ്, എ. ജാഫർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.