മാരകായുധങ്ങളുമായി യുവാക്കളുടെ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്
text_fieldsഅടിമാലി: മാരകായുധവുമായി അടിമാലി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂവർ സംഘം കച്ചവടക്കാരെയും നാട്ടുകാരെയും കത്തികൊണ്ടും ഇരുമ്പുദണ്ഡുകൊണ്ടും ആക്രമിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അടിമാലി പൊലീസ് സ്റ്റേഷന് എതിർവശം ആർ.ടി.ഒ ഓഫിസിന് സമീപം ബേക്കറി കട നടത്തുന്ന അടിമാലി പാറക്കൽ സക്കീർ ഹുസൈൻ (34), സഹോദരൻ അലി (26), അടിമാലിയിൽ ബേക്കറി ജീവനക്കാരനും കോയമ്പത്തൂർ സ്വദേശിയുമായ സൂര്യ (29), കല്ലാർകുട്ടിയിലെ വ്യാപാരി വടക്കേക്കര ഷംനാദ് (30), കല്ലാർകുട്ടി ചക്കിയാനികുന്നേൽ അഭിജിത് (22) എന്നിവർക്കാണ് പരിക്കേറ്റത്.
തലക്ക് അടിച്ചും കത്തികൊണ്ട് കുത്തിയുമാണ് പരിക്കേൽപിച്ചത്. അലിയുടെ ദേഹത്ത് കുത്തിയിറക്കിയ കത്തിയുടെ ഒരുഭാഗം അടിമാലി താലൂക്ക് ആശുപത്രിയിൽ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊന്നത്തടി കംബ്ലികണ്ടം സ്വദേശികളായ സൈമൺ, ബിന്‍റോ ബെന്നി എന്നിവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ അടിമാലി പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
വടിവാളും ഇരുമ്പുദണ്ഡും കത്തിയുമായെത്തിയ മൂന്നംഗ സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 5.30ന് കല്ലാർകുട്ടി ടൗണിലാണ് സംഭവങ്ങളുടെ തുടക്കം. കല്ലാർകുട്ടിയിൽ നാട്ടുകാർ സംഘടിച്ച് നേരിട്ടതോടെ ഇവർ ഇവിടെനിന്ന് മുങ്ങി. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മോർണിങ് സ്റ്റാർ ആശുപത്രിയിലെത്തി പരസ്യമായി മദ്യപിച്ചു.
തുടർന്ന്, ജീവനക്കാരുമായി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. പൊലീസിനെ വിളിച്ചതോടെ ഇവിടെനിന്നും മുങ്ങി. പിന്നീട് സക്കീർ ഹുസൈന്‍റെ കടയിലെത്തി സിഗരറ്റ് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ പ്രകോപിതരാകുകയും ഈ സമയം ഇവിടെ എത്തിയ അലിയെ കമ്പിവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയും തുടർന്ന് പുറത്ത് കത്തി കുത്തിയിറക്കുകയും ചെയ്തു. തുടർന്നാണ് സക്കീർ ഹുസൈനെയും സൂര്യയെയും ആക്രമിച്ചത്. ഇരുവരുടെയും തലക്കും പുറത്തുമാണ് പരിക്ക്. അടിമാലി പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.