സഹോദരങ്ങളെയും സുഹൃത്തിനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ
text_fieldsപത്തനംതിട്ട: സഹോദരങ്ങളെയും സുഹൃത്തിനെയും കത്തികൊണ്ട് കുത്തിയും വെട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി.ആർ. അർജുൻ (27) ആണ് അറസ്റ്റിലായത്. ഇയാൾ തിരുവല്ല സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത മൂന്ന് കേസിലും കോട്ടയം വാകത്താനം സ്റ്റേഷനിൽ രണ്ട് കേസിലും പ്രതിയായിട്ടുണ്ട്. ഇവയിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജുകുമാറാണ് ഒന്നാം പ്രതി, ഇയാൾ ഒളിവിലാണ്.
ഞായർ രാത്രി തിരുവല്ല മഞ്ഞാടി എ.വി.എസ് ഫ്ലാറ്റിന് സമീപം കാറിലെത്തിയ മഞ്ഞാടി ആമല്ലൂർ ദേശത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗോകുൽ, സഹോദരൻ രാഹുൽ, സുഹൃത്ത് അഖിലേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അർജുനും ഒന്നാം പ്രതിയും ചേർന്ന് കാർ തടഞ്ഞുനിർത്തി അസഭ്യം വിളിച്ചു. കാറിൽനിന്ന് ഇറങ്ങിയ ഗോകുലിനെയും രാഹുലിനെയും അഖിലേഷിനെയും കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അർജുൻ കയ്യിലിരുന്ന കത്തികൊണ്ട് അഖിലേഷിനെയാണ് ആദ്യം കുത്തിയത്. പുറത്താണ് കുത്ത് കൊണ്ടത്. രാഹുലിന്റെ തലക്ക് കുത്തേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഗോകുലിനെ പിന്നീട് കുത്തിയും വെട്ടിയും അർജ്ജുൻ പരിക്കേൽപ്പിക്കുകയായിരുന്നു.
ഇയാളുടെ തലക്കും മൂക്കിനും ഗുരുതര മുറിവുകൾ സംഭവിച്ചു. ഒന്നാം പ്രതി കല്ലുകൊണ്ട് ഇടിക്കുകയും, ഇരുവരും ചേർന്ന് മൂവരെയും മർദിക്കുകയും ചെയ്തതായാണ് കേസ്. പരിക്കേറ്റവരും അർജുനുമായി രണ്ട് മാസം മുമ്പ് തിരുവല്ലയിലെ ബാറിൽ വച്ച് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ വിരോധം കാരണമാണ് ഇപ്പോഴത്തെ ആക്രമണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഗോകുലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് വധശ്രമത്തിന് പ്രതികൾക്കെതിരെ കേസെടുത്ത് ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അർജുൻ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണെന്നറിഞ്ഞ് പൊലീസ് അവിടെയെത്തി ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ പ്രൊബേഷൻ എസ്.ഐ ഹരികൃഷ്ണൻ, എ.എസ്.ഐമാരായ ജോജോ ജോസഫ്, ജയകുമാർ, എസ്.സി.പി.ഒമാരായ അഖിലേഷ്, എം.എസ്. മനോജ് കുമാർ, ടി. സന്തോഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.