യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം, ഗുണ്ട നേതാവ് കണ്ടെയ്നർ സാബു പിടിയിൽ
text_fieldsകൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട നേതാവ് കണ്ടെയ്നർ സാബു എന്ന എറണാകുളം വടുതല ജെട്ടി റോഡ് പനക്കാട്ടുശ്ശേരിയിൽ വീട്ടിൽ സാബു ജോർജ്(36) അറസ്റ്റിൽ. 22ന് വൈകീട്ട് 8.30ഓടെ എം.ജി റോഡിലാണ് സംഭവം. യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ കിരണും പരാതിക്കാരനും ബന്ധുക്കളാണ്. ഇവർ തമ്മിലുള്ള ഏറെനാളായുള്ള കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിൽ. കഴിഞ്ഞ വെള്ളിയാഴ്ച ഒന്നാം പ്രതി കിരൺ തന്റെ പഴയ സുഹൃത്തായ കണ്ടെയ്നർ സാബുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു.
ശേഷം പരാതിക്കാരനെ വിളിച്ച് സ്ഥലം മനസ്സിലാക്കി. വൈകീട്ട് ഏഴുമണിയോടെ എം.ജി റോഡിലുള്ള ഹോട്ടലിൽനിന്നും പരാതിക്കാരനെ കണ്ടെയ്നർ സാബുവും കിരണും കൂട്ടരും കൂടി കാറിൽ കയറ്റി എസ്.ആർ.എം റോഡിലുള്ള മുറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. പരാതിക്കാരൻ പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയും സംഘത്തിൽ ഉൾപ്പെട്ട ആളുമായ പച്ചാളം ചെറുപുനത്തിൽ മെറിലാക് മെഷൽ ലൂയിസ്(36) അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
അന്വേഷണത്തിൽ കണ്ടെയ്നർ സാബു തിരുവല്ലയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ചൊവ്വാഴ്ച തിരുവല്ല പൊലീസിന്റെ സഹായത്തോടെ കണ്ടെയ്നർ സാബുവിനെ കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമീഷണർ ജയകുമാറിന്റെ നിർദേശപ്രകാരം സി.ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ അഖിൽ, സബ് ഇൻസ്പെക്ടർ ഹാരിസ്, അസി സബ് ഇൻസ്പെക്ടർ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.