സ്ഫോടക വസ്തുക്കളും തോക്കും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ: ആറ് വർഷം; 31 മരണം
text_fieldsകൊച്ചി: ബോംബ് അടക്കമുള്ള സ്ഫോടക വസ്തുക്കൾ, തോക്ക് എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ ആറ് വർഷത്തിനിടെ കേരളത്തിൽ 31 പേർ മരിക്കുകയും 89 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ കണക്ക്. ഇത്തരം കേസുകളിൽ 236 പേരാണ് ഇക്കാലയളവിൽ അറസ്റ്റിലായത്. ഇനിയും 18 പേർ പിടിയിലാകാനുണ്ട്.
കേസുകളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. അക്രമികൾക്ക് സ്ഫോടക വസ്തുക്കൾ എവിടെനിന്ന് ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്.
ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി പരിക്കേറ്റ നിരവധി കേസുകളും ഉണ്ടായിട്ടുണ്ട്. മെഡിക്കൽ വിദ്യാർഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കിയത്, തട്ടുകടയിലുണ്ടായ തർക്കത്തെ തുടർന്നുള്ള വെടിവെപ്പിൽ ഒരാൾ മരിച്ചത് തുടങ്ങി തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ സമീപകാലത്തും നടന്നിട്ടുണ്ട്. കേസുകളിലെല്ലാം കാര്യക്ഷമമായ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഓരോ കേസിലും വിശദമായ തെളിവ് ശേഖരണമാണ് നടക്കുന്നതെന്നും സമാന കേസുകളിൽ മുമ്പ് പ്രതികളായിട്ടുള്ളവരെയടക്കം ചോദ്യം ചെയ്യാറുണ്ടെന്നും പറയുന്നു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിന് ലൈസൻസുള്ളവരെയും ചോദ്യം ചെയ്യാറുണ്ട്.
സംശയം തോന്നുന്നവർ അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഇവരുടെ ഫോൺവിളി രേഖകളും (കോൾ ഡീറ്റെയ്ൽ റെക്കോഡ്- സി.ഡി.ആർ) പരിശോധിക്കാറുണ്ട്. ഇത്തരത്തിലാണ് ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചുവെന്നതടക്കം കാര്യങ്ങളിൽ പരിശോധന നടത്തുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.