അരലക്ഷം രൂപയുമായി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പിടിയിൽ
text_fieldsനിലമ്പൂർ: കണക്കിൽപ്പെടാത്ത അരലക്ഷം രൂപയുമായി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മലപ്പുറം വിജിലൻസിന്‍റെ പിടിയിൽ. വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിലെ ഇൻസ്പെക്ടർ ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസ് ആണ് പിടിയിലായത്. മൂന്ന് ദിവസത്തെ തുടർച്ചയായ ഡ‍്യൂട്ടിക്ക് ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
ഡ‍്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നത് മുതൽ വിജിലൻസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.50 ഓടെയാണ് പിടിയിലായത്. നിലമ്പൂരിൽ നിന്ന് ഏഴിന് പുറപ്പെടുന്ന ട്രെയിൻ വഴി നാട്ടിലേക്കുള്ള യാത്രക്കാണ് ഭാര‍്യയുടെ പേരിലുള്ള കാറിൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ചെക്ക്പോസ്റ്റിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പണം വാങ്ങുന്ന സ്വകാര‍്യ ഏജന്‍റ് വഴിക്കടവ് സ്വദേശി പുതിയകത്ത് ജുനൈദ് എന്ന ബാപ്പുട്ടിയും കാറിൽ ഉണ്ടായിരുന്നു.ബാഗിലെ പണം വിജിലൻസ് സംഘം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ദേഹാസ്വാസ്ഥ‍്യം അനുഭവപ്പെട്ട് ഇയാൾ കുഴഞ്ഞുവീണു. വണ്ടൂർ സ്വകാര‍്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാഗിൽ നിന്ന് 50,700 രൂപയാണ് കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.