എ.ടി.എം കവർച്ചക്കിടെ യുവാവ് പിടിയിൽ
text_fieldsവിജേഷ്
വെള്ളിമാടുകുന്ന്: എ.ടി.എം കവർച്ചശ്രമത്തിനിടെ യുവാവ് പിടിയിൽ. മലപ്പുറം ഒതുക്കുങ്കൽ മാട്ടത്തൂരിലെ മോന്തായിൽ വിജേഷ് ആണ് (27) പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 2.20ഓടെ പറമ്പിൽ കടവ് ജങ്ഷന് സമീപത്തെ എ.ടി.എം കൗണ്ടർ പൊളിക്കുന്നതിനിടെയാണ് ബി.ടെക് പഠനം കഴിഞ്ഞ വിജേഷ് പട്രോളിങ് ഡ്യൂട്ടിയിലുള്ള കൺട്രോൾ റൂം പൊലീസിന്റെ പിടിയിലായത്. എ.ടി.എം കൗണ്ടർ പൊളിക്കാൻ ഇലക്ട്രിക് കട്ടർ, ഹാമർ, കമ്പിപ്പാര ഉൾപ്പെടെ ഉപകരണങ്ങളുമായാണ് ഇയാൾ കാറിലെത്തിയത്. മുഖംമൂടിയും കൈയുറയും ധരിച്ചായിരുന്നു മോഷണ ശ്രമം.
സി.സി ടി.വി കാമറയിൽ പതിയാതിരിക്കാൻ ആദ്യം പ്രത്യേക ഫോംകൊണ്ട് കാമറ മറച്ചിരുന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് മോഷണം തടഞ്ഞത്.
നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ കൺട്രോൾ റൂം വാഹനം കണ്ണാടിക്കൽ-പറമ്പിൽബസാർ റോഡിലൂടെ പോകവെയാണ് എ.ടി.എം കൗണ്ടറിനുള്ളിൽനിന്ന് യന്ത്രം ഉപയോഗിക്കുന്ന ശബ്ദം കേട്ടത്. തുടർന്ന് വാഹനംനിർത്തി നോക്കിയപ്പോൾ എ.ടി.എം കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഷട്ടർ പൂർണമായും താഴ്ത്താതിരുന്നതിനാൽ അകത്തെ വെളിച്ചം പുറത്തെത്തിയിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ മുക്തി ദാസ്, സി.പി.ഒ അനീഷ്, ഡ്രൈവർ സി.പി.ഒ സിദ്ദീഖ് എന്നിവർ ഷട്ടർ ഉയർത്തിയപ്പോഴാണ് മോഷണമാണെന്ന് മനസ്സിലായത്.
എ.ടി.എം മെഷീന്റെ ബോഡി ഭാഗികമായി മുറിച്ചനിലയിലായിരുന്നു. കൗണ്ടറിനുള്ളിലെ ബാഗിൽനിന്ന് കട്ടറും മറ്റു വസ്തുക്കളും പൊലീസ് കണ്ടെത്തി. ചേവായൂർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ എസ്. സജീവിന്റെ നേതൃത്വത്തിലെത്തിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.ടി.എം കൗണ്ടർ പരിശോധിച്ചതോടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ബാഗും ഉപകരണങ്ങളുമടക്കം പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കവർച്ചക്ക് പ്രേരിപ്പിച്ചത് 50 ലക്ഷത്തോളം കടബാധ്യത
വെള്ളിമാട്കുന്ന്: ബി.ടെക് പഠനം കഴിഞ്ഞ യുവാവിനെ മോഷണത്തിന് പ്രേരിപ്പിച്ചത് ലക്ഷങ്ങളുടെ കടബാധ്യത. പറമ്പിൽ കടവിലെ എ.ടി.എം തകർത്ത് മോഷണം നടത്തുന്നതിനിടെ പിടിയിലായ വിജേഷിന് 50 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതായി ചേവായൂർ പൊലീസ് പറഞ്ഞു. കോട്ടയം ആർ.ഐ.ടി എൻജിനീയറിങ് കോളജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സ് പൂർത്തിയാക്കിയെങ്കിലും ചില പേപ്പറുകൾ നഷ്ടമായിരുന്നു. പഠനത്തിനുശേഷം മലപ്പുറത്ത് ഇൻഷുറൻസ് കമ്പനിയിലും കുറച്ചുകാലം എൻ.ഐ.ടിയിൽ ലാബ് അസിസ്റ്റന്റ് ആയും ജോലി ചെയ്തു. പണം സമ്പാദിക്കണമെന്ന ആഗ്രഹത്തിൽ പല നീക്കങ്ങൾ നടത്തിയ വിജേഷ് സോഫ്റ്റ് വെയർ ഡെവലപറായും ജോലിനോക്കി. പിന്നീട് ഇലക്ട്രീഷ്യനായി ജോലിചെയ്യുന്നതിനിടെ 2016ൽ ഗൾഫിലേക്ക് പോയി. നാലു വർഷത്തിനുശേഷം തിരിച്ചെത്തിയ പ്രതി മലപ്പുറത്ത് രണ്ടു സുഹൃത്തുക്കളോടൊത്ത് ട്രേഡിങ് കമ്പനി ആരംഭിച്ചു. കമ്പനി നഷ്ടത്തിലായതിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് പ്രമോഷൻ നടത്തിവരവേ 50 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നു.
നാട്ടിൽ നിൽക്കാൻ കഴിയാതായതോടെ കഴിഞ്ഞമാസം കാറുമായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. കോഴിക്കോട് എത്തിയ പ്രതി ചുരുങ്ങിയ ചെലവിൽ വിവിധ ലോഡ്ജുകളിലും ഡോർമിറ്ററികളിലും കാറിലുമായി താമസിച്ചു. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മോഹത്തിനിടെ, യൂട്യൂബിൽ കണ്ട തൃശൂരിലെ എ.ടി.എം കവർച്ച പ്രചോദനമാവുകയായിരുന്നു. നഗരത്തിൽനിന്ന് വിട്ടുള്ള പല എ.ടി.എമ്മുകൾ കയറിയിറങ്ങി അനുകൂല സ്ഥലം തിരഞ്ഞിരുന്നു. പുല്ലാളൂർ, കുരുവട്ടൂർ ഭാഗങ്ങളിൽ പരിശോധന നടത്തിയതിൽ ഏറ്റവും അനുകൂലവും സി.ഡി.എമ്മും എ.ടി.എമ്മും ഒരുമിച്ചുള്ളതും സെക്യൂരിറ്റി ഇല്ലാത്തതുമായ പറമ്പിൽ കടവിലുള്ള എ.ടി.എം കൗണ്ടർ തിരഞ്ഞെടുക്കുകയായിരുന്നു.
മോഷണത്തിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന കട്ടർ ആമസോണിൽനിന്ന് വാങ്ങി സൂക്ഷിച്ചിരുന്നു. ഹാമർ, കമ്പിപ്പാര, ഫോം, ഗ്ലൗസ്, മഫ്ലർ തുടങ്ങിയവ കോഴിക്കോടുള്ള വിവിധ കടകളിൽനിന്നുമാണ് വാങ്ങിയത്. ബുധനാഴ്ച രാത്രി 8.30ഓടെ കണ്ണാടിക്കൽ പെട്രോൾ പമ്പിന് സമീപം കാർ പാർക്ക് ചെയ്ത് രണ്ട് ബാഗുമായി ബസിൽ കയറി പറമ്പിൽ കടവിൽ ഇറങ്ങി. പുലർച്ച രണ്ടുവരെ സമീപ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ ഭാഗത്തും കുറ്റിക്കാട്ടിലും പതുങ്ങിയിരുന്ന ശേഷമാണ് കവർച്ചക്കിറങ്ങിയത്.
ചേവായൂർ ഇൻസ്പെക്ടർ എസ്. സജീവൻ, എസ്.ഐമാരായ നിമിൻ കെ. ദിവാകരൻ, പി.കെ. വിനോദ്, രോഹിത്, സി.പി.ഒമാരായ റിനേഷ്, ലിവേഷ്, ഹോംഗാർഡ് സുനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.