നേർച്ചക്കിടെ ആക്രമണം: ഏഴ് പ്രതികൾ റിമാൻഡിൽ
text_fieldsപട്ടാമ്പി: നേർച്ചക്കിടെ പൊലീസിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. പട്ടാമ്പി അപ്പംകണ്ടത്തിൽ മുഹമ്മദ് ഫാസിൽ (36), കിഴായൂർ തട്ടാരകുന്നത്ത് മുഹമ്മദ് ശിഹാബ് (42), പട്ടാമ്പി കണ്ടെങ്കാട്ടിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (26), പട്ടാമ്പി വാഴയിൽ സലിൽ സലാം(26), പട്ടാമ്പി ആക്കപ്പറമ്പിൽ മുഹമ്മദ് ആഷിഫ് (27), പട്ടാമ്പി മങ്ങാട്ടിൽ വീട്ടിൽ അബ്ദുൽ സമദ് (20), കിഴായൂർ കുന്നത്താതിൽ വീട്ടിൽ സുഹാസ് (30) എന്നിവരെയാണ് ആയുധങ്ങൾ സഹിതം ഷൊർണൂർ ഡിവൈ.എസ്.പി പി.സി. ഹരിദാസ്, പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ എൻ.ബി. ഷൈജു, സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡ് ചെയ്തു. നേർച്ച അവസാനിക്കാറായ സമയത്താണ് മേലെ പട്ടാമ്പിയിൽ കാസിനോ, കമന്റോസ് കമ്മിറ്റിക്കാർ പരസ്പരം ഏറ്റുമുട്ടിയത്. ആനയെ മർദിച്ചും പരസ്പരം കല്ലെറിഞ്ഞും സംഘർഷാവസ്ഥ സൃഷ്ടിച്ചപ്പോൾ പൊലീസ് ഇടപെടുകയും സംഘം പൊലീസിന് നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. ആക്രമണത്തിൽ പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ ജില്ല ഹെഡ് ക്വാർട്ടേഴ്സിലെ ഒരു പൊലീസുകാരനെ ഗവ. ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാൽ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ കണ്ടാലറിയാവുന്ന ആഘോഷക്കമ്മിറ്റിക്കാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.