കരോൾ സംഘത്തിനുനേർക്ക് ആക്രമണം: നാല് യുവാക്കൾ അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: ക്രിസ്മസ് തലേന്നു രാത്രി കുമ്പനാട്ട് സ്ത്രീകളടക്കമുള്ള കരോള്‍ സംഘത്തിനുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. ചൊവ്വാഴ്ച രാത്രി 12.30ന് കുമ്പനാട്-ആറാട്ടുപുഴ റോഡിലുള്ള എക്സോഡസ് റിവൈവല്‍ ചര്‍ച്ചിലെ അംഗങ്ങളെയാണ് ആക്രമിച്ചത്. കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയൺ വില്ല വീട്ടിൽ എം.എസ്. മിഥിനും സംഘത്തിനുമാണ് മർദനമേറ്റത്.
ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയിൽ ഷെറിൻ (28), പുറമറ്റം മുണ്ടമല മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30), കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അനന്തു (25), കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അജിൻ (20) എന്നിവരാണ് പിടിയിലായത്.
എക്സോഡസ് ചര്‍ച്ചിലെ പാസ്റ്ററായ റോണി കൊച്ചുപ്ലാമൂട്ടിലിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി കരോള്‍ സർവിസ് നടത്തിയിരുന്നു. കരോൾ സംഘം കുമ്പനാട്ട് ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോൾ, ബേക്ക് വേൾഡ് എന്ന പേരിലുള്ള ബേക്കറിയുടെ മുൻവശത്തു പതിനഞ്ചോളം വരുന്ന സംഘം ആക്രമിച്ചുവെന്നാണ് പരാതി. കാറിന്റെ ഹെഡ് ലൈറ്റ് ഡിം അടിച്ചില്ല എന്നതു സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രശ്നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തതാണ്. പിന്നീടു കരോൾ നടത്തുന്നതിനായി ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ, കരോൾ സംഘത്തിലെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന ആളുകളുമായി പ്രതികൾ ബഹളം ഉണ്ടാക്കുന്നത് കേട്ട്,
കാര്യം അന്വേഷിച്ചെത്തിയ സംഘാംഗം മിഥിനെ, ഷെറിൻ മരക്കഷണം കൊണ്ട് തലക്കടിക്കുകയായിരുന്നു. അടിതടഞ്ഞപ്പോൾ വലതു കൈയുടെ വിരലിന് പരിക്കേറ്റു. തുടർന്ന് പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നു. എബ്രഹാം ജോർജ്, ഭാര്യ ഷൈനി ജോർജ് എന്നിവർക്കും മർദനമേറ്റു. ഷൈനി ജോർജിനെ ഇവർ കൈയേറ്റം ചെയ്തു. തടസ്സം പിടിച്ച ജോൺസൺ എന്നയാൾക്കും മർദനമേറ്റു. തുടർന്ന്, പ്രതികൾ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വടിവാള്‍, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ റോണി കൊച്ചുപ്ലാമൂട്ടില്‍ പറഞ്ഞു. മിഥിന്റെ പരാതി പ്രകാരം കേസെടുത്ത കോയിപ്രം പൊലീസ് നാലു പ്രതികളെ വീടുകളുടെ സമീപത്തുനിന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
കോയിപ്പുറം ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ, എസ്.ഐമാരായ ജി. ഗോപകുമാർ , ഷൈജു, സി.പി.ഒമാരായ സുരേഷ്, മനൂപ്, സുജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.