അന്തർസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ചയാളെ പിടികൂടി
text_fieldsതിരൂർ: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന അന്തർസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ചയാളെ തിരൂർ പൊലീസ് പിടികൂടി. ഏഴൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച് പണവും മൊബൈൽ ഫോണും കവരാൻ ശ്രമിച്ച കേസിൽ വെള്ളിയാമ്പുറം സ്വദേശിയായ കീരിയാട്ടിൽ രാഹുലിനെയാണ് (24) പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച ബസ് സ്റ്റാൻഡിന് സമീപമാണ് ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും പഴ്സും കവരാൻ ശ്രമിച്ചത്. കവർച്ചയെ പ്രതിരോധിച്ച സമയം കത്തികൊണ്ട് മുഖത്തും വയറിനും കുത്തി പരിക്കേൽപിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞ് തിരൂർ ടൗണിൽവെച്ച് പിടികൂടുകയായിരുന്നു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ രാഹുലെന്ന് തിരൂർ പൊലീസ് പറഞ്ഞു. ഒരുവർഷം മുമ്പ് താനൂർ റെയിൽവേ സ്റ്റേഷൻ സമീപം സുഹൃത്തുക്കളുമായുണ്ടായ വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ വി. ജിഷിൽ, പ്രബേഷൻ എസ്.ഐ വിപിൻ, സീനിയർ സി.പി.ഒ കെ.കെ. ഷിജിത്ത്, ജിനേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.