കാക്കൂർ പൊലീസിനുനേരെ ആക്രമണം; നാലു യുവാക്കൾ റിമാൻഡിൽ
text_fieldsചേളന്നൂർ: ക്രിസ്മസ് കരോളിനോടനുബന്ധിച്ച് വാഹനം തടഞ്ഞുനിർത്തി പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതിന് പൊലീസിനെ ആക്രമിച്ച കേസിൽ നാലു യുവാക്കൾ റിമാൻഡിൽ. ക്രിസ്മസ് കരോളിനോടനുബന്ധിച്ച് ചേളന്നൂർ എട്ടേരണ്ടിൽ തിങ്കളാഴ്ച രാത്രി 10.30 യോടെയാണ് പൊലീസിനുനേരെ ആക്രമണം. കണ്ണങ്കര കേളോത്തു മീത്തൽ കെ.എൻ. സുബിൻ (26), എളവന മീത്തൽ ദിജീഷ് (29), എടക്കാട് കോഴിക്കൂറ വയൽ അജേഷ് (34), ഇരുവള്ളുർ കാക്കൂർ മലയിൽ അതുൽ (27) എന്നിവരാണ് അറസ്റ്റിലായത്. കാക്കൂർ സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെയാണ് ആക്രമണം ഉണ്ടായത്.
ചേളന്നൂർ എട്ടേരണ്ടിൽ കുട്ടികളുടെ കരോൾ നടന്നിരുന്നു. കരോളുമായി ബന്ധമില്ലാത്ത നാലുപേർ വാഹനം തടഞ്ഞുനിർത്തി പണപ്പിരിവ് നടത്തി. പണം നൽകാത്ത വാഹന യാത്രികരെ അധിക്ഷേപിക്കുന്നതായ പരാതി പൊലീസ് കൺട്രോൾ റൂമിൽ യാത്രക്കാരിൽ ചിലർ വിളിച്ചറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് കാക്കൂർ സ്റ്റേഷനിലെ എസ്.ഐ അബ്ദുൽ സലാം, സീനിയർ സി.പി.ഒ രജീഷ്, ഡ്രൈവർ ബിജു എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസുമായി കയർക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയും എസ്.ഐ അബ്ദുൽ സലാമിന്റെ കൈപിടിച്ച് തിരിക്കുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തു. ജീപ്പിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.