നൈസ് റോഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിനുനേരെ അക്രമം
text_fieldsബംഗളൂരു: നൈസ് റോഡ് എക്സ്പ്രസ് വേയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിനുനേരെ അക്രമം. കാറിന് മുകളിലേക്ക് കല്ലെറിഞ്ഞതോടെ കാർ നിയന്ത്രണം തെറ്റി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ ഗുരുതര പരിക്കേൽക്കില്ലാതെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ച 4.30 ഓടെയാണ് സംഭവം. കുമ്പളഗോഡ് അപാർട്മെന്റിൽ താമസിക്കുന്ന മലയാളിയായ സി. അനിൽകുമാർ (53), മക്കളായ അധില (23), മയൂഖ (14) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
നാട്ടിൽ രോഗിയായ ബന്ധുവിനെ സന്ദർശിക്കാൻ പോകവെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന മാരുതി വാഗണർ കാർ ബേഗൂർ- കൊപ്പ പാലത്തിന് സമീപമെത്തിയപ്പോൾ മുകളിൽനിന്ന് അക്രമികൾ കാറിന് മുകളിലേക്ക് കല്ലിടുകയായിരുന്നു.
ഏകദേശം 20 അടി ഉയരത്തിൽനിന്നാണ് കല്ല് കാറിന്റെ മുൻവശത്തെ ചില്ലിൽ വന്നുപതിച്ചത്. ഇതോടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. പിന്നാലെ വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നൈസ് റോഡ് അസിസ്റ്റന്റ് വാഹനം വിളിച്ചുവരുത്തി പരിക്കേറ്റ അനിൽകുമാറിനെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. അനിൽകുമാറിന്റെ പരാതി പ്രകാരം ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുത്തു.
ഐ.പി.സി 427, 324, വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.