മാരകായുധങ്ങളുമായി ആക്രമണം; മൂന്നുപേർ പിടിയിൽ
text_fieldsതിരുവല്ല: നഗരസഭ കൗൺസിലർമാരടക്കം അഞ്ചുപേർക്കുനേരെ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ തിരുവല്ല പൊലീസിന്റെ പിടിയിലായി. ലഹരിക്കടിമയായ അഞ്ചംഗസംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്തിയതറിഞ്ഞെത്തിയ സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്.
പെരിങ്ങോൾ വെങ്കടശ്ശേരി അഭിമന്യൂ (23), പെരിങ്ങോൾ വഞ്ചി പാലത്തിങ്കൽ മേനാട്ടിൽ വീട്ടിൽ സോജൻ സി.ബാബു (23), പെരിങ്ങോൾ വലിയേടത്ത് വീട്ടിൽ ജോയൽ (23) എന്നിവരാണ് പിടിയിലായത്. തിരുവല്ല നഗരസഭ താൽക്കാലിക ജീവനക്കാരനായ പെരിങ്ങോൾ വെങ്കടശ്ശേരി പ്രദീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. അഴിയിടത്തുചിറ സംക്രമത്ത് വീട്ടിൽ രാജേഷ് കുമാർ, അഴിയിടത്തുചിറ തയ്യിൽ വീട്ടിൽ അജിത്കുമാർ, മുൻ വാർഡ് കൗൺസിലർ പാതിരപ്പള്ളി വീട്ടിൽ പി.എസ്. മനോഹരൻ, വാർഡ് കൗൺസിലർ ജി. വിമൽ, 29ാം വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവർക്കുനേരെയാണ് ആക്രമണം നടന്നത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മിൽ അതിരുതർക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞദിവസം കോടതിയിൽ തീർപ്പായിരുന്നു. ഇതിനുപിന്നാലെ പ്രദീപ് ഇന്നലെ സ്വന്തം വസ്തു വേലികെട്ടി തിരിച്ചു. ഇതേ തുടർന്നുണ്ടായ തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. വീടുകയറി നടന്ന ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ മുൻ കൗൺസിലർ പി.എസ്. മനോഹരനെ ആറംഗസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പിന്നാലെയെത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു.
ആക്രമണത്തിൽ രാജേഷിന്റെ ഇടതുകാൽ ഒടിഞ്ഞു. അജിത്തിന്റെ തലക്ക് സാരമായ പരിക്കേറ്റു. മനോഹരന്റെ മുഖത്താണ് പരിക്കേറ്റത്. തുടർന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരിക്കേറ്റ രാജേഷിനെ അടിയന്തര ശസ്ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ രണ്ട് പ്രതികൾകൂടി പിടിയിലാവാനുണ്ടെന്ന് എസ്.ഐ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.