മാത്തറയിൽ വീട്ടുകാരെ ആക്രമിച്ച് സ്വർണം കവർന്നു; വീട്ടമ്മക്കും ഭർത്താവിനും പരിക്ക്
text_fieldsപന്തീരാങ്കാവ്: പുലർച്ച വീടിനുള്ളിൽ കയറിയ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണമാല കവർന്നു. ഒളവണ്ണ പഞ്ചായത്ത് ഓഫിസിനു സമീപം പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ച ആറോടെ കവർച്ച നടന്നത്.
അടുക്കള ഭാഗത്തുണ്ടായിരുന്ന ചന്ദ്രശേഖരന്റെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കുകയായിരുന്നു. മോഷ്ടാവ് വായ പൊത്തിപ്പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചതായി വിജയകുമാരി പറഞ്ഞു.
ചന്ദ്രശേഖരൻ വീട്ടിലെ വളർത്ത് നായയെയുമായി പുറത്തേക്ക് പോയ സമയത്താണ് സംഭവം. കവർച്ചയെ പ്രതിരോധിക്കുന്നതിനിടെ കത്തിയിൽ പിടിച്ച വിജയകുമാരി കൈക്ക് മുറിവേറ്റ് നിലത്ത് വീണു. ഇതിനിടെ അഞ്ചുപവനുള്ള സ്വർണ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വളകൾ അഴിക്കാനും സാരികൊണ്ട് കഴുത്തിൽ മുറുക്കാനും ശ്രമിച്ചതായും വീട്ടുകാർ പറഞ്ഞു.
ആക്രമണത്തിനിടെ തിരിച്ചെത്തിയ ചന്ദ്രശേഖരൻ മോഷ്ടാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. പൊട്ടിച്ചെടുത്ത മാലയുമായി കള്ളൻ രക്ഷപ്പെട്ടു. പിടിവലിയിൽ ചന്ദ്രശേഖരന്റെ കൈത്തണ്ടയിലും പരിക്കേറ്റു. ചാറ്റൽ മഴയുള്ള സമയത്ത് മാസ്ക്ക് ധരിച്ച് മഴക്കോട്ടും കൈകളിൽ ഗ്ലൗസുമണിഞ്ഞാണ് മോഷ്ടാവെത്തിയത്. 30 വയസ്സ് തോന്നിക്കുന്ന, മലയാളം സംസാരിക്കുന്നയാളാണ് മോഷ്ടാവെന്ന് വീട്ടുകാർ പറഞ്ഞു. പരിക്കേറ്റ ഇരുവരും ചികിത്സ തേടി. വിജയകുമാരിയുടെ വിരലുകളിൽ ഒമ്പതു തുന്നലിട്ടു. ഇരുവരും മാത്രമാണ് ഇവിടെ താമസിക്കുന്നത്.
മക്കൾ രണ്ടു പേരും ബാംഗളൂരിൽ ജോലി ചെയ്യുകയാണ്. പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.