മാങ്ങ വ്യാപാരിയെ കാറിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
text_fieldsകൊല്ലങ്കോട്: മുതലമടയിലെ മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ. മധുര സ്വദേശികളായ ഗൗതം, ശിവ, വിജയ് എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് പിടികൂടി കൊല്ലങ്കോട് പൊലീസിനെ ഏൽപിച്ചത്.
ഞായറാഴ്ച വൈകുന്നേരം മുതലമട പള്ളം സ്വദേശിയായ കബീർ (50), സുഹൃത്ത് അബ്ദുൽ റഹ്മാൻ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ റോഡരികിൽ കാറിൽ കാത്തിരുന്ന മൂന്നു പേരടങ്ങുന്ന സംഘം മാമ്പള്ളത്തിനടുത്തുവെച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും തെറിച്ചുവീണു. ഉടൻ കാറിൽനിന്ന് ഇറങ്ങിയവർ കബീറിനെ കാറിൽ കയറ്റി ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് അതിവേഗതയിൽ മീനാക്ഷിപുരം ഭാഗത്തേക്ക് പോവുകയാണുണ്ടായത്. കബീറിനൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവരുന്നവർ റോഡരികിൽ ബൈക്കും അബ്ദുൽ റഹ്മാനെയും കണ്ടപ്പോൾ വിവരം അന്വേഷിച്ചറിഞ്ഞു. തൊട്ടടുത്ത കൊല്ലങ്കോട്ടെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം മീനാക്ഷിപുരത്തേക്ക് കാറിൽ കൊണ്ടുപോയതിൽ സംശയം തോന്നിയ ഇവർ കാറിനെ പിന്തുടർന്ന് ഫോട്ടോ മൊബൈലിൽ പകർത്തി കൊല്ലങ്കോട് പൊലീസിന് വിവരം നൽകി.
കൊല്ലങ്കോട് പൊലീസ് മീനാക്ഷിപുരം പൊലീസിന് നൽകിയ വിവരമനുസരിച്ചാണ് മീനാക്ഷിപുരത്തിനടുത്തുവെച്ച് പൊലീസ് തടഞ്ഞത്. വിവരങ്ങൾ അന്വേഷിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകലിന്റെ കഥ പുറത്തറിയുന്നത്. ഇടതുകാലിന് തുടയെല്ലിന് പൊട്ടലുണ്ടായ കബീറിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരയിലെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്ന നിഗമനത്തിലാണ് പൊലീസ്. എന്തിനുവേണ്ടിയത് തട്ടിക്കൊണ്ടുപോയതെന്ന വിവരം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.