വൈദ്യുതി ബില്ല് അടച്ചിട്ടില്ലന്ന് സന്ദേശമയച്ച് തട്ടിപ്പിന് ശ്രമം
text_fieldsചെറായി : വൈദ്യുതി നിരക്ക് അടച്ചിട്ടില്ലെന്ന് പറഞ്ഞ് ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്നു. അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കിയാണ് സംഘം ഫോണ്‍ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നത്.
കഴിഞ്ഞമാസത്തെ വൈദ്യുതി ബില്ല് അടച്ചിട്ടില്ലെന്നും രാത്രി 9.30ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും പറഞ്ഞുമാണ് ഇംഗ്ലീഷിലും മലയാളത്തിലും സന്ദേശം അയക്കുന്നത്. മാത്രമല്ല 9341525483 എന്ന നമ്പറില്‍ തിരിച്ചു വിളിക്കാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഞായറാഴ്ച ഇതേ രീതിയില്‍ ഫോണിലേക്ക് സന്ദേശം ലഭിച്ച എടവനക്കാട് സ്വദേശി ലഭിച്ച നമ്പറില്‍ തിരികെ വിളിച്ച് താന്‍ ബില്ല് അടച്ചിട്ടുണ്ടെന്നും ബില്ല് നമ്പര്‍ പറയട്ടെയെന്നും അറിയിച്ചപ്പോള്‍ അതു വേണ്ട പ്ലേ സ്റ്റോറില്‍ നിന്നും ടീം വ്യൂവര്‍ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്നുമായിരുന്നു മറുപടി. ബില്ല് അടച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തകരാര്‍ ഉള്ളതിനാല്‍ മെയിന്‍ സര്‍വറില്‍ അത് എത്തിയിട്ടില്ലെന്നും അത് പരിഹരിക്കാനാണ് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞതെന്നും പറഞ്ഞു.
മലയാളം സംസാരിക്കുന്നതില്‍ അപാകത തോന്നിയതോടെയാണ് വിളിച്ചത് മലയാളിയല്ലെന്നും തട്ടിപ്പാണെന്നും മനസ്സിലാക്കി ഫോണ്‍ കട്ട് ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ വീണ്ടും ഇതേ സന്ദേശം തന്നെ മറ്റൊരു നമ്പറില്‍ നിന്നും വന്നു.
9031782188 ,9631010503 എന്നീ നമ്പറുകളില്‍ നിന്നാണ് സന്ദേശം എത്തിയത്. തുടര്‍ന്ന് ഞാറക്കല്‍ കെ.എസ്ഇ.ബി അസി. എന്‍ജിനിയറെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചപ്പോള്‍ തട്ടിപ്പാണെന്ന് ഉറപ്പായി. വൈദ്യുതി ബോര്‍ഡില്‍ നിന്നുള്ള അറിയിപ്പുകളില്‍ കെ.എസ്.ഇ.ബി ഐ.ടി എന്ന് ഉണ്ടാകും.
മാത്രമല്ല ഒരു നമ്പറില്‍ നിന്നും ഒരിക്കലും കെ.എസ.്ഇ.ബി സന്ദേശങ്ങള്‍ അയക്കില്ലെന്നും എന്‍ജിനിയര്‍ അറിയിച്ചു. വൈദ്യുതി ബില്ല് അടക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ നിന്നല്ലാതെ ആരും ഫോണില്‍ വിളിക്കില്ലെന്നും രാത്രി 9.30ന് യാതൊരു കാരണവശാലും ബന്ധം വിച്ഛേദിക്കില്ലെന്നും എന്‍ജിനിയര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.