ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ പിടിയിൽ
text_fieldsഏറ്റുമാനൂർ: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി. ഏറ്റുമാനൂർ വെട്ടിമുകളിൽ കല്ലുവെട്ടം കുഴിയിൽ ജസ്റ്റിൻ കെ. സണ്ണി (27), ഏറ്റുമാനൂർ കുറ്റിവേലിൽ അനന്തു ഷാജി (27), മാന്നാനം തെക്കേതടത്തിൽ സചിൻസൺ (27) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഷട്ടർകവല ഭാഗത്തുള്ള കള്ളുഷാപ്പിലെത്തിയ പ്രതികൾ ഷാപ്പ് ജീവനക്കാരുമായി വാക്തർക്കമുണ്ടാകുകയും തുടർന്ന് അവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഷാപ്പിലെ കുപ്പികളും ഫർണിച്ചറും അടിച്ചുതകർക്കുകയും ചെയ്തു.ഇത് അന്വേഷിക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ ജസ്റ്റിൻ കെ. സണ്ണി കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ ഇയാൾ കഞ്ചാവ് കേസിൽ വിശാഖപട്ടണത്ത് ഒരു വർഷത്തോളം ജയിലിലായിരുന്നു.ഏറ്റുമാനൂർ എസ്.എച്ച്.ഒ പി.ആർ. രാജേഷ് കുമാർ, എസ്.ഐമാരായ പ്രശോഭ്, ജോസഫ് ജോർജ്, എം.എസ്. പ്രദീപ്, സി.പി.ഒമാരായ ഡെന്നി പി. ജോയ്, പ്രവീൺ പി. നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.