ദിലീപിന്റെ ഫോണിലെ വിവരം വീണ്ടെടുക്കാൻ ശ്രമം
text_fieldsകൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുഖ്യപ്രതി നടൻ ദിലീപ്, സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ സഹായത്തോടെ ഫോണുകളിൽനിന്ന് നീക്കിയെന്ന് കരുതുന്ന വിവരങ്ങൾ വീണ്ടെടുക്കാൻ നടപടിയുമായി ക്രൈംബ്രാഞ്ച്. ദിലീപ് ഉപയോഗിച്ച രണ്ട് ഐ ഫോണുകളിലെ വിവരം വീണ്ടെടുക്കാനാണ് ശ്രമം.
ദിലീപ് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബ് പരിശോധനയിലാണ് സുപ്രധാന വിവരങ്ങൾ മായ്ച്ചുകളഞ്ഞതായി തിരിച്ചറിഞ്ഞത്. തുടർന്നാണ് വിവരങ്ങൾ വീണ്ടെടുക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടിയത്. 2022 ജനുവരി 29 മുതൽ 31 വരെ കൊച്ചിയിലെ രണ്ട് ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് സായ് ശങ്കർ വിവരങ്ങൾ നീക്കിയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഫോൺ വിളികൾ, വാട്സ്ആപ്പ് കാളുകൾ, ചാറ്റുകൾ തുടങ്ങിയവ നീക്കം ചെയ്തിട്ടുണ്ട്. വാട്ട്സ്ആപ്പ് മറ്റ് കമ്പ്യൂട്ടറുകളിൽ ലോഗിൻ ചെയ്തെന്ന സൂചനയെ തുടർന്ന് അവ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. ഫോണിലെ വിവരം നീക്കാൻ ഉപയോഗിച്ച സാങ്കേതിക സംവിധാനം പരിശോധിക്കും.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് ഐ പാഡും രണ്ട് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം ആരോപണ വിധേയനായ സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിട്ടില്ല. കോവിഡ് ലക്ഷണങ്ങളുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നും 10 ദിവസത്തെ സമയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.