ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമം: അയൽവാസി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsപരപ്പനങ്ങാടി: ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. എടരിക്കോട് ചുടലപ്പാറയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയെയാണ് അയൽവാസി മുജീബ് റഹ്മാൻ (49), വാഴൂർ സ്വദേശി അബ്ദുൽ മജീദ് (38) എന്നിവർ ചേർന്ന് ചതിപ്രയോഗത്തിൽ കുടുക്കാൻ ശ്രമിച്ചത്.
പരപ്പനങ്ങാടി പുത്തരിക്കൽ ഉള്ളണം റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ചാരായമുണ്ടെന്നും വിൽപന പതിവാണെന്നും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ച സംഘത്തിലൊരാൾ ഓട്ടോറിക്ഷയിൽ മദ്യം ഒളിപ്പിച്ചുവെക്കുകയായിരുന്നു. താനൂർ ഡിവൈ.എസ്.പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തി ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് ഡ്രൈവറുടെ നിരപരാധിത്വം ബോധ്യപ്പെട്ടതും ചതിയുടെ ചുരളഴിഞ്ഞതും.
നാലര ലിറ്റർ ചാരായമാണ് കുപ്പികളിലാക്കി കവറിൽ തിരുകിയ നിലയിൽ ഓട്ടോ റിക്ഷയുടെ സീറ്റിന്റെ പിൻഭാഗത്തുനിന്ന് കണ്ടെടുത്തുത്. അയൽവാസിയായ മുജീബ് റഹ്മാൻ പൂർവവൈരാഗ്യം തീർക്കാൻ ഒപ്പിച്ച ചതി പ്രയോഗത്തിന് നേരത്തേ മുജീബിനോടൊപ്പം ജയിലിൽ കഴിഞ്ഞ അബ്ദുൽ മജീദിന്റെ സഹായം തേടുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇവരെ റിമാൻഡ് ചെയ്തു.
അബ്ദുൽ മജീദ് യാത്രികനെന്നെ വ്യാജേന ഓട്ടോ വിളിച്ച് പോകുന്നതിനിടയിലാണ് ചാരായ കുപ്പികൾ ഷൗക്കത്തലിയുടെ ഓട്ടോറിക്ഷയിൽ വെച്ചത്. മുജീബാണ് സംഭവം പൊലീസിൽ അറിയിച്ചത്. സി.സി.ടി.വികൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തിയുമാണ് ഓട്ടോ ഡ്രൈവറെ കുടുക്കാനുളള ശ്രമം വിഫലമാക്കിയത്. താനൂർ ഡിവൈ.എസ്.പി. മൂസ, പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ്, എസ്.ഐ പ്രദീപ് കുമാർ, പരിശോധക സംഘാംഗങ്ങളായ ജിനു, വിപിൻ, അഭ്യമന്യൂ, ആൽബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.