വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കിരൺ കുമാർ, പൊന്മുടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വിനീത് എന്നിവരെയാണ് തിരുവനന്തപുരം ജില്ല റൂറൽ പൊലീസ് മേധാവി ഡി. ശിൽപ പിരിച്ചുവിട്ടത്. ഇരുവരും നേരത്തേ സസ്പെൻഷനിലായിരുന്നു.
കാട്ടാക്കട മാർക്കറ്റ് ജങ്ഷനിൽ ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് കഴിഞ്ഞ ശനിയാഴ്ച രാത്രി കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് കിരണും വിനീതും കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പൊലീസ് വേഷത്തിലായിരുന്ന ഇവർ ഇ.ഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. വിലങ്ങ് വെച്ച് മുജീബിനെ ഇവർ കാറിലെ സ്റ്റിയറിങ്ങിനൊപ്പം ബന്ധിപ്പിച്ചു. മുജീബ് ഹോണടിച്ച് ബഹളം വെച്ചപ്പോഴാണ് ഇരുവരും കാറിൽ രക്ഷപ്പെട്ടത്.
തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരാണെന്നും മാസ്ക് ധരിച്ചിരുന്നെന്നും മാത്രമായിരുന്നു മുജീബിന്‍റെ മൊഴി. ആദ്യഘട്ടത്തിൽ പൊലീസിന് പ്രതികള്‍ വന്ന സി.സി ടി.വി ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയത്. വാഹന നമ്പറും വ്യാജമായിരുന്നു. സംഭവത്തിന് മുമ്പുള്ള ദിവസങ്ങള്‍ നോക്കിയപ്പോള്‍ അതേ കാർ മുജീബിനെ നിരീക്ഷിക്കുന്നത് കാട്ടക്കട പൊലീസ് ശ്രദ്ധിച്ചു. ഈ വാഹനം കിരണിന്‍റേതായിരുന്നു. കിരണും വിനീതും ചേർന്ന് നെടുമങ്ങാട് ടൈൽസ് കട നടത്തിയിരുന്നു. ഒരു കോടിയിൽപ്പരം കടമായപ്പോള്‍ കട പൂട്ടി. വാഹനം രണ്ടു ദിവസമായി ഉപയോഗിച്ചത് വിനീതാണെന്ന് കിരണ്‍ മൊഴി നൽകി. വിനീത് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽനിന്നും വിലങ്ങ് വാങ്ങിയതായും കണ്ടെത്തി. ഇതോടെ വിനീതിനെയും സുഹൃത്തായ ആംബുലൻസ് ഡ്രൈവർ അരുണിനെയും കസ്റ്റഡിയിലെടുത്തു. മുജീബിന് നെടുമങ്ങാടും കടയുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. അതിനാൽ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.