കൊലപാതകശ്രമം: ഒളിവില്‍കഴിഞ്ഞ പ്രതി പിടിയിൽ
text_fieldsസിറാജ്
ഈരാറ്റുപേട്ട: ഓട്ടോഡ്രൈവറായ യുവാവിനെ ഓട്ടംവിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ അറസ്റ്റ് ചെയ്തു. അരുവിത്തുറ അരയത്തനാല്‍ വീട്ടിൽ സിറാജിനെയാണ് (മുന്ന -30) അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽനിന്ന് യുവാവിനെ ഓട്ടംവിളിച്ചു കൊണ്ടുപോവുകയും തുടർന്ന് ഇവർ വാഹനത്തിലിരുന്ന് യുവാവിനെ അസഭ്യംപറയുകയും മഠം കവലയിൽവെച്ച് യുവാവിനെ ഓട്ടോറിക്ഷയിൽനിന്നും വലിച്ചിറക്കി ആക്രമിക്കുകയും കൈയിൽ കരുതിയ അരിവാൾകൊണ്ട് കൈയിലും കാലുകളിലും വെട്ടുകയും കല്ല് ഉപയോഗിച്ച് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൂടാതെ യുവാവിന്റെ പോക്കറ്റിൽനിന്ന് 16,000 രൂപ അടങ്ങിയ പഴ്സും മൊബൈൽഫോണും തട്ടിയെടുത്ത് ഇവര്‍ ഓട്ടോറിക്ഷയുമായി കടന്നുകളയുകയുമായിരുന്നു.
യുവാവിനോട് ഇവര്‍ക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഷെഫീക്ക്, കെ.വൈ. ഫസിൽ, അഷറഫ് എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍കൂടി പിടിയിലാവുന്നത്. ഇയാള്‍ ഈരാറ്റുപേട്ട സ്റ്റേഷനിലെ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ പി.എസ് സുബ്രഹ്മണ്യൻ, എസ്.ഐ ജിബിൻ തോമസ്, സി.പി.ഒമാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, പ്രദീപ് എം. ഗോപാല്‍, ഷമീര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.