ഗൃഹനാഥന് നേരെ വധശ്രമം: പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം പിഴയും
text_fieldsഒറ്റപ്പാലം: ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. അമ്പലവട്ടം പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പിൽ പ്രജീഷിനാണ്(26) അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് പി. സൈതലവി ശിക്ഷ വിധിച്ചത്. പനമണ്ണ അമ്പലവട്ടം കോന്ത്രംകുണ്ട് വീട്ടിൽ കുമാരനെ ( 52 ) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഗുരുതര പരിക്കേൽപ്പിച്ചതിന്10 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വധശ്രമത്തിന് അഞ്ച് വർഷം കഠിനതടവും തടഞ്ഞുവെച്ചതിന് ഒരു മാസത്തെ വെറും തടവുമാണ് വിധിച്ചത്. രണ്ട് കൂട്ടുപ്രതികളെ വെറുതെ വിട്ടു. 2020 മാർച്ച് 14 നാണ് സംഭവം.
വീട്ടാംപാറയിലെ പമ്പ് ഹൗസിന് സമീപം പ്രതികൾ ഓടിച്ച ഇന്നോവ കാർ കുമാരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് വീഴ്ത്തുകയും പ്രജീഷ് കുമാരന്റെ തലക്ക് കുത്തി മുറിവേൽപ്പിച്ചെന്നുമാണ് കേസ്. പ്രതിയുടെ സഹോദരൻ പ്രശാന്തിന്റെ മരണത്തിൽ കുമാരന്റെ മക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് വധശ്രമത്തിന് കാരണം. ഒറ്റപ്പാലം സബ് ഇൻസ്പെക്ടർ പി.സി വിജയൻ അന്വേഷണം നടത്തി സമർപ്പിച്ച കേസാണിത്. പ്രജീഷ് മറ്റൊരു വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ച് വരികയാണ്. അഡീഷനൽ പബ്ലിക് പോസിക്യൂട്ടർ അഡ്വ. കെ. ഹരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.