സ്വർണ വ്യാപാരകേന്ദ്രത്തിലെ മോഷണശ്രമം: പ്രതി പിടിയിൽ
text_fieldsപൊന്നാനി: ചന്തപ്പടിയിലെ സ്വർണ വ്യാപാരകേന്ദ്രത്തിൽ മോഷണശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. പൊന്നാനി ഹിളർപള്ളി സ്വദേശി കോയസ്സന്റെകത്ത് ആസിഫ് (ആസിബ് -36) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 12നാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശി മനോജ് സേട്ടുവിന്റെ ഉടമസ്ഥതയിലുള്ള എം.എൻ സ്വർണ വ്യാപാരകേന്ദ്രത്തിലാണ് മോഷണശ്രമം നടന്നത്. സി.സി.ടി.വി ഉൾപ്പെടെ തകർത്തതിനാൽ 26,000 രൂപയുടെ നഷ്ടമുണ്ടായി. ലോക്കറിൽ ഒരു കിലോ സ്വർണമുണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. കൽപ്പണിക്കാരനായ ആസിബ് കുറി നടത്തി പൊളിഞ്ഞതിനെത്തുടർന്ന് ലക്ഷം രൂപയോളം കടത്തിലായിരുന്നു. വ്യാഴാഴ്ച പകൽ മകളുടെ സ്വർണം വിൽക്കാൻ ഇതേ കടയിൽ എത്തിയിരുന്നു. ഇവിടെ പണം ഉണ്ടെന്ന് മനസ്സിലാക്കി രാത്രിയിൽ എത്തി ജനൽ ഇളക്കി അകത്ത് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷെൽഫ് തുറന്നെങ്കിലും പണം ലഭിച്ചില്ല. ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് സി.സി.ടി.വി നശിപ്പിച്ചത്. എന്നാൽ ഹാർഡ് ഡിസ്ക് എടുക്കാത്തതിനാൽ പ്രതിയുടെ ദൃശ്യം പൊലീസിന് ലഭിച്ചു. എസ്.പിയുടെ നിർദേശ പ്രകാരം ഡിവൈ.എസ്.പി.യും പൊന്നാനി പൊലീസും നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി പൊലീസ് തെളിപ്പെടുപ്പ് നടത്തി. തുടർന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.