ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം: ഒരാൾ പിടിയിൽ
text_fieldsപത്തനംതിട്ട: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചവര ഒരാളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ രമണന്റെ മകൾ സരിത(27)യാണ് അടൂർ പൊലീസിന്റെ പിടിയിലായത് . വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ പതിനാലാം മൈലിൽ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി തങ്കപ്പവിലാസം വീട്ടിൽ അന്തോണിയുടെ മകൻ തങ്കപ്പ(61)ന്റെ, മാല, ബൈക്കിലെത്തി പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തങ്കപ്പൻ മാലയിൽ ബലമായി പിടിക്കുകയും, പ്രതികളുമായി മല്പിടിത്തം ഉണ്ടാകുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞു വെച്ച്, അതുവഴി വന്ന അടൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
മാടക്കട അടച്ചിട്ട് വീട്ടിലേക്ക് പോകാൻ തയാറായി റോഡരികിൽ നിന്ന തങ്കപ്പന്റെ അടുത്ത് വന്ന പ്രതികള്‍ തങ്ങളെ അറിയില്ലേ എന്നു ചോദിച്ചു. അറിയില്ലാ എന്ന് പറഞ്ഞു മുന്നോട്ടുനീങ്ങിയപ്പോൾ പിന്നാലെ ചെന്ന് ബൈക്ക് ഓടിച്ച യുവാവ് കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പരിഭ്രമിച്ച് വേഗത്തില്‍ മുന്നോട്ട് പോയ തങ്കപ്പന്റെ വാഹനത്തിന് മുന്നിൽ കുറുക്കുവെച്ചശേഷം അഞ്ച് പവൻ തൂക്കം വരുന്ന സ്വർണമാല ഇയാൾ പൊട്ടിച്ചെടുക്കുകയായിരുന്നു. തടഞ്ഞപ്പോൾ പ്രതികള്‍ മർദ്ദിച്ചു. മാലപ്പൊട്ടിച്ചെടുത്തപ്പോൾ കഴുത്തില്‍ ഉരഞ്ഞ മുറിവുണ്ടാകുകയും ചെയ്തു.
ഓടിക്കൂടിയ നാട്ടുകാർ സരിതയെ മോട്ടോർ സൈക്കിൾ ഉൾപ്പെടെ തടഞ്ഞു വെക്കുകയും, അടൂർ സി.ഐയെ ഏൽപ്പിക്കുകയുമായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഓടിപ്പോയയാളുടെ പേര് അൻവർഷാ എന്നാണെന്നും, ഇരുവരും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണ കേസുകളിൽ പ്രതികളാണെന്നും യുവതി വെളിപ്പെടുത്തി, മാല യുവതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. അടൂർ പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ. മനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.