ലഹരി കടത്തിയ ലോറിയിൽനിന്ന് പിടിച്ച ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയായി
text_fieldsചേര്‍ത്തല: ദേശീയപാതയിലൂടെ നിരോധിത പുകയില ഉല്പന്നം കടത്തിയ ലോറിയില്‍നിന്ന് പൊലീസ് കണ്ടെടുത്ത ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയാകുന്നു. പഴകിയതുമൂലം ഭക്ഷ്യയോഗ്യമല്ലാതായ കിഴങ്ങ് കുഴിച്ചുമൂടാന്‍ കലക്ടര്‍ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ടില്ലാത്തതിനാല്‍ വകുപ്പ് കൈയൊഴിഞ്ഞു. കിഴങ്ങ് നശിപ്പിക്കാനുള്ള ഫണ്ടില്ലെന്നുകാട്ടി വകുപ്പ് കലക്ടര്‍ക്ക് കത്ത് നല്കി.
ആറിന് ചേര്‍ത്തല ദേശീയപാതയിലാണ് ലോറിയില്‍ ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്കടിയില്‍ 100 ചാക്കുകളിലായി കടത്തിയ ഒരുകോടിയിലേറെ വിലവരുന്ന പുകയില ഉല്പന്നങ്ങള് പിടികൂടിയത്. 280 ചാക്കുകളിലായി 12600 കിലോയോളം കിഴങ്ങാണ് ഇതിനായി ഉപയോഗിച്ചത്. ഉരുളക്കിഴങ്ങ് ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാലുലക്ഷത്തോളം വിലവരുന്ന കിഴങ്ങാണ് നിശ്ചിത സമയത്ത് നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് പഴകി ഉപയോഗയോഗ്യമല്ലാതായത്.
കലക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധിച്ചാണ് കിഴങ്ങ് ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് ഇത് കുഴിച്ചുമൂടാന്‍ ഉത്തരവ് വന്നത്. ഇത്രയും ഉരുഴക്കിഴങ്ങ് നശിപ്പിക്കാൻ മണ്ണുമാന്തിയന്ത്രവും തൊഴിലാളികളും തുടങ്ങിയവ സജ്ജീകരിക്കാനാണ് ഫണ്ട് പ്രതിസന്ധി സിവില്‍ സപ്ലൈസ് വകുപ്പ് ഉയര്‍ത്തിയിരിക്കുന്നത്. മലിനീകരണ പരാതി ഉണ്ടാകാതെയുള്ള സംസ്കരണവും വകുപ്പിനു വെല്ലുവിളിയായിരുന്നു. നശിപ്പിക്കാനുള്ള ചുമതല റവന്യൂ വകുപ്പിനും ക്ലീന്‍കേരള മിഷനും കൈമാറണമെന്ന നിർദേശമാണ് സിവില്‍ സപ്ലൈസ് വകുപ്പ് നിർദേശം. ക്ലീന്‍കേരള മിഷന് ഇത് മാലിന്യമായി കൈമാറണമെങ്കില്‍ കിലോക്ക് രണ്ടുരൂപ പ്രകാരം നല്‍കണം. പൊലീസ് സ്റ്റേഷന് വളപ്പില്‍ ചീഞ്ഞുതുടങ്ങി ഇവ കാലതാമസം കൂടാതെ സംസ്കരിച്ചില്ലെങ്കില്‍ വലിയ മലിനീകരണ പ്രതിസന്ധിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.