വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന ഓട്ടോഡ്രൈവർ പിടിയിൽ
text_fieldsകോഴിക്കോട്: നഗരമധ്യത്തിൽ ഓട്ടോയിൽ കയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. കുണ്ടായിതോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (50) ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ മകന്റെ വീട്ടിൽനിന്ന് ട്രെയിൻ മാർഗം കോഴിക്കോട്ടെത്തിയ വയനാട് പുൽപ്പള്ളി സ്വദേശിനി ജോസഫീനക്കാണ് ദുരനുഭവമുണ്ടായത്. എം.സി.സി ബാങ്ക് പരിസരത്തുനിന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി പരിസരത്തേക്ക് ഓട്ടോയിൽ കയറിയ ജോസഫീനയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച പ്രതി ആക്രമിച്ച് സ്വർണമാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. വീഴ്ചയിൽ വയോധികയുടെ താടിയെല്ലിന്ന് പരിക്കേറ്റു. തുടർന്ന് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എൽ.പി.ജി ഓട്ടോയിലാണ് വയോധിക കയറിയതെന്ന് മനസ്സിലാക്കി. തുടർന്ന് നഗരത്തിൽ രാത്രി ഓടുന്ന എൽ.പി.ജി ഓട്ടോകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വർണം തിരിച്ചുപിടിക്കാൻ അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സബ് ഇൻസ്പെക്ടർ പി.കെ. ഇബ്രായി, സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മുരളീധരൻ, എ. മുഹമ്മദ് സിയാദ്, എം. ബൈജു നാഥ്, സീനിയർ സി.പി.ഒ പി. ശ്രീജിത്ത് കുമാർ, രജിത്ത്, സി.പി.ഒ എൻ. ജിതേന്ദ്രൻ, സി. രഞ്ജിത്ത്, പ്രജിത്ത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.