ബാലകൃഷ്ണൻ ചുള്ളിയത്ത് വധശ്രമ കേസിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് തടവ് ശിക്ഷ
text_fieldsതാനൂർ: സി.പി.എം താനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്ന്, രണ്ട്, മൂന്ന്, ആറ് പ്രതികൾക്കാണ് തിരൂർ അസി.സെഷൻസ് കോടതി ജഡ്ജി പി.പ്രദീപ് ശിക്ഷ വിധിച്ചത്. വധശ്രമത്തിനും ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചതിനും പ്രതികൾക്ക് മൂന്ന് വർഷം വീതം തടവും.
50,000 രൂപ വീതം പിഴയും ആയുധങ്ങളുമായി ലഹള നടത്തിയതിന് ഒരു വർഷം തടവും അന്യായമായി സംഘം ചേർന്നതിന് മൂന്ന് മാസം തടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി ജയിൽവാസം അനുഭവിക്കണമെന്നും വിധിച്ചു. പിഴസംഖ്യയിൽനിന്ന് ഒന്നര ലക്ഷം രൂപ പരിക്കേറ്റ ബാലകൃഷ്ണൻ ചുള്ളിയത്തിന് നൽകുവാനും കോടതി ഉത്തരവിട്ടു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗവും ഒഴൂർ പഞ്ചായത്ത് അംഗവുമായ പാറമ്മൽ ചന്ദ്രൻ, സോമസുന്ദരൻ, ആർ.എസ്.എസ് നേതാവ് ദിലീപ്, സജീവ് എന്നിവരെയാണ് ശിക്ഷിച്ചത്.
2012ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം. പുലർച്ച നാലിന് പത്രവിതരണത്തിന് സൈക്കിളിൽ പോകുമ്പോൾ ഒഴൂർ ജങ്ഷന് സമീപം വെള്ളച്ചാൽ റോഡിലാണ് ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികൾ സംഘം ചേർന്ന് ഇരുമ്പുവടികൾ ഉപയോഗിച്ച് അടിച്ച് വീഴ്ത്തി വടിവാൾകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തല, ഇടതുകാൽ, ഇടതുകൈ എന്നിക്ക് ഗുരുതര പരിക്കേറ്റു. വലതു കൈവിരൽ തുന്നിച്ചേർക്കുകയായിരുന്നു.
ശബ്ദംകേട്ട സമീപവീട്ടിലെ സ്ത്രീ നിലവിളിച്ചതിനെ തുടർന്ന് പ്രതികൾ ഓടി മറയുകയായിരുന്നു. പതിനഞ്ചോളം സാക്ഷികളെ വിസ്തരിച്ചു. അഞ്ചാം പ്രതി സുകുമാരൻ കോടതിയിൽ ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സുകുമാരനെ അറസ്റ്റ് ചെയ്യുന്ന മുറക്ക് കേസ് പിന്നീട് നടക്കും. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ടി.പി. അബ്ദുൽ ജബ്ബാർ ഹാജരായി. പ്രതികൾക്ക് വേണ്ടി മാഞ്ചേരി കെ. നാരായണനാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.