രണ്ടരവയസ്സുകാരിയുടെ കൊല: മൊഴികളിൽ വൈരുദ്ധ്യം തുടരുന്നു; സൂക്ഷ്മതയോടെ പൊലീസ്
text_fieldsബാലരാമപുരം: തെൻറ താൽപര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിന്റെ കൊലക്ക് കാരണമെന്ന് പ്രതി ഹരികുമാറിന്റെ മൊഴി. പക്ഷെ സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും പൊലീസ് അന്വേഷിക്കുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വീട് വാങ്ങിത്തരാനായി ജ്യോത്സ്യൻ പ്രദീപനെന്ന ദേവീദാസന് 35 ലക്ഷം രൂപ നൽകിയെന്ന് ശ്രീതു ആവർത്തിച്ചു.
കൊലപാതകത്തിൽ ജ്യോ ത്സ്യനെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു. പണം വാങ്ങിയിട്ടില്ലെന്ന് അയാൾ ആവർത്തിച്ചു. തന്നെ കൊലപാതകവുമായി കൂട്ടിക്കെട്ടാന്‍ ബോധപൂർവ ശ്രമം നടക്കുന്നുവെന്നാണ് ദേവീദാസന്റെ ആരോപണം. ജോത്സ്യനുമായുള്ള പണമിടപാട് ഏത് തരത്തില്‍ നടന്നതെന്നുള്ളതിനെ കുറിച്ച് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ പരിശോധിക്കും. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. നിലവിൽ പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ശ്രീതു.
അന്വേഷണം വ്യാപിപ്പിക്കും
ബാലരാമപുരം: രണ്ടരവയസുകാരിയുടെ കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതിനായി ഫോറന്‍സിക്, സൈബര്‍ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. പ്രതി ഹരികുമാറിന്റെയും ശ്രീതുവിന്റെയും മുന്‍കാല ചരിത്രവും പൊലീസ് തെരയുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കൂടുതല്‍ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
ശ്രീതുവിന്റെ പണമിടപാടിനെ കേന്ദ്രീകരിച്ച് അന്വേഷണം
ബാലരാമപുരം: ശ്രീതുവിന്റെ പണമിടപാടിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്കി ശ്രീതു പണം തട്ടിയതായാണ് ആക്ഷേപം. ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ശ്രീതു. ലക്ഷങ്ങളാണ് ജോലി വാഗ്ാദനം നല്കി തട്ടിയത്. പണം നല്കിയ മൂന്നിലേറെ പേരില്‍നിന്ന് ബാലരാമപുരം പൊലീസ് മൊഴിയെടുക്കുന്നുണ്ട്. പ്രദേശത്തെ ഒരു സ്കൂളിലെ പി.ടി.എ.അംഗങ്ങൾ ലക്ഷങ്ങൾ നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് നാട്ടുകാര്‍
ബാലരാമപുരം: പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സമർഥിക്കാന്‍ പൊലീസ് ശ്രമിക്കുമ്പോഴും മാനസിക പ്രശ്നങ്ങളില്ലെന്ന് നാട്ടുകാര്‍. പൊതുവെ ആരുമായും സൗഹൃദം കൂടാത്ത ആളാണ് ഹരികുമാറെന്നും നാട്ടുകാര്‍ പറയുന്നു. മനസിക രോഗിയായി ചിത്രികരിക്കുന്നതിലൂടെ പ്രതിക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള സഹായമുണ്ടാകുമെന്നും പ്രദേശവാസികള്‍ പറയുന്നു. ദേവനന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് മുറിക്ക് തീയിട്ടതെന്ന് ചോദ്യം ചെയ്യലിനിടെ ഹരികുമാര്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. അതേസമയം ഹരികുമാറിന് പഠനവൈകല്യം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
മൂത്ത കുട്ടിയുടെ മൊഴിയെടുത്തു
ബാലരാമപുരം: അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ശ്രീതുവിന്റെ മൂത്ത കുട്ടി പാര്വണേന്ദുവിന്റെയും അമ്മ ശ്രീകലയുടെയും മൊഴികളെടുത്തു. മൂത്തകുട്ടിയെയും ഹരികുമാര്‍ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ശ്രീകലയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വീട്ടിലെത്തിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്ത് കൃത്യമായ വിവരം ശേഖരിക്കുവാനുള്ള ഒരുക്കത്തിലാണ് പൊലീസ് നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.